വടക്കാഞ്ചേരി നഗരസഭ ഇലക്ട്രിക് മിനി ട്രക്കുകൾ വാങ്ങി

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭ ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ശാസ്ത്രീയമായ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി നടപ്പിലാക്കുന്നതിനുമായി 3 ഇലക്ട്രിക് മിനി ട്രക്ക്കൾ വാങ്ങി. 13 ലക്ഷം രൂപയോളം പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൂന്നു വാഹനങ്ങൾ വാങ്ങിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഹരിതകർമസേന യ്ക്കായി ഇലക്ട്രിക് മിനി ട്രക്കുകൾ വാങ്ങുന്നത്. നിലവിൽ ഹരിതകർമ്മസേന നഗരസഭയിലെ എല്ലാ വീടുകളിൽ നിന്നും അജൈവ മാലിന്യങ്ങളും എല്ലാ സ്ഥാപനങ്ങളിൽ നിന്നും ജൈവ -അജൈവ മാലിന്യങ്ങളും ആണ് ശേഖരിക്കുന്നത്. ഈ ആവശ്യങ്ങൾക്കായി നിലവിൽ നഗരസഭയുടെ ഒരു പിക്കപ്പ് സർവീസ് നടത്തുന്നുണ്ട്. കുമ്പളങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റ് പണി കൂടി പൂർത്തിയായാൽ നഗരസഭ ഹരിത കർമ്മ സേന വഴി ടൗൺ വാർഡുകളിലെ വീടുകളിൽ നിന്നും അജൈവ മാലിന്യ ത്തോടൊപ്പം ജൈവമാലിന്യങ്ങളും ശേഖരിക്കുവാൻ തുടങ്ങും. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് മൂന്ന് ഇലക്ട്രിക് മിനി ട്രിക്കുകൾ വാങ്ങിയിരിക്കുന്നത്. നഗരസഭാ കാര്യാലയത്തിനു സമീപം നടന്ന താക്കോൽ ദാന ചടങ്ങിൽ നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ ഷോറൂം മാനേജറിൽ നിന്നും താക്കോൽ വാങ്ങി ഉദ്ഘാടനം ചെയ്തു. നഗരസഭാ സെക്രട്ടറി കെ കെ മനോജ്. നഗരസഭാ കൗൺസിലർ വിജീഷ് മറ്റ് ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.