സംസ്ഥാനത്തെ ആദ്യ സുസ്ഥിര വാണിജ്യ വ്യവസായ ഗ്രാമമായി തെക്കുംകര

വടക്കാഞ്ചേരി : സംസ്ഥാനത്തെ ആദ്യ സുസ്ഥിര വാണിജ്യ വ്യവസായ ഗ്രാമമായി തെക്കുംകര പഞ്ചായത്തിനെ പ്രഖ്യാപിച്ചു. ചടങ്ങ് ബഹു.വ്യവസായ വകുപ്പ് മന്ത്രി എ. സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ഓരോ വകുപ്പുകളും ഓരോ സാമ്രാജ്യമായി പ്രവർത്തിക്കാതെ ഒന്നിച്ചു നിന്നാൽ മാത്രമേ വികസനം സാധ്യമാകൂ എന്ന് അദ്ദേഹം പറഞ്ഞു.വകുപ്പുകളുടെ സംയുക്ത പ്രവർത്തനങ്ങളിലൂടെ കോടികളുടെ വികസനം നടത്താൻ കഴിയുമെന്നും, വ്യത്യസ്തങ്ങളായ വ്യവസായങ്ങൾ നടത്തി വിജയം നേടാൻ ആവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ആദ്യമായി വ്യവസായ ഗ്രാമം പദ്ധതി നടപ്പാക്കുന്നത് തെക്കുംകരയിലാണ്.പദ്ധതി വിജയം വരിച്ചാൽ സംസ്ഥാനമൊട്ടുക്ക് മച്ചാട് മോഡൽ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. വസ്ത്ര ഗ്രാമ യൂണിറ്റുകളിലേക്ക് ആവശ്യമായ ആദ്യ ഓർഡർ കളക്ടർ എ. കൗശികൻ സ്വീകരിച്ചു. അനിൽ അക്കരെ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.കെ.ബിജു.എം.പി.മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീജ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ എന്നിവർ പ്രസംഗിച്ചു.