23 മീറ്റര്‍ വീതി, 5.3 കി. മീ ദൂരം, നാലുവരിപ്പാത: വടക്കാഞ്ചേരി ബൈപാസ് യാഥാർഥ്യമാവുന്നു.

വടക്കാഞ്ചേരി : കൊടുങ്ങല്ലൂർ - ഷൊർണൂർ സംസ്ഥാന പാതയിലെ ഏറ്റവും തിരക്കേറിയ വടക്കാഞ്ചേരി - ഓട്ടുപാറ ജങ്ഷനുകളിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിർദ്ദേശിച്ചിരിക്കുന്ന വടക്കാഞ്ചേരി ബൈപാസ് കടന്നു പോകുന്ന സ്ഥലങ്ങൾ ജനപ്രതിനിധികളോടും കെആര്‍എഫ്ബി - പിഡബ്ല്യുഡി ക്വാളിറ്റി കണ്‍ട്രോള്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പവും എം.എൽ.എ സേവിയർ ചിറ്റിലപ്പിള്ളി സന്ദര്‍ശിച്ചു. 2017 - 18 സാമ്പത്തിക വര്‍ഷത്തില്‍ വടക്കാഞ്ചേരി ബൈപാസിനായി 20 കോടി രൂപ കിഫ്ബി ഫണ്ട് അനുവദിക്കുകയും 5 ലക്ഷം രൂപ ചിലവില്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തി അലൈന്‍മെന്റിന്റെ രൂപരേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വേണ്ട അഡീഷണല്‍ ഇന്‍വെസ്റ്റിഗേഷന് 10 ലക്ഷം രൂപ അനുവദിച്ചു. ബൈപാസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി അഡീഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കി ഫൈനല്‍ അലൈന്‍മെന്റ് തീരുമാനിച്ച് മുന്നോട്ടു പോകുന്നതിനായി വ്യാഴാഴ്ച ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ത്തു. ഡിസൈന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കാണ് ഡിപിആര്‍ തയ്യാറാക്കി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും. നിര്‍ദ്ദിഷ്ട അലൈന്‍മെന്റില്‍ ഒരു പുഴപ്പാലവും ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജും ഉള്‍പ്പെടുന്നുണ്ട്. ആ സ്ഥലങ്ങളില്‍ വിശദമായ മണ്ണു പരിശോധനയും മറ്റു പരിശോധനകളും ആവശ്യമാണ്. അഡീഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്വരിത ഗതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ യോഗത്തിൽ തീരുമാനമെടുത്തു. ഡിസൈന്‍ വിങുമായി ബന്ധപ്പെട്ട ജോലികള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് ഡിസൈന് അന്തിമരൂപം നല്‍കുന്ന പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഇടപെടുന്നതിനായി ഡിസൈന്‍ വിങ് ഉന്നത ഉദ്യോഗസ്ഥരെക്കൂടി ചേര്‍ത്ത് സ്ഥലം സന്ദര്‍ശിക്കുവാനും യോഗം തീരുമാനിച്ചു. റെയില്‍വേയുമായി ബന്ധപ്പെട്ട അനുമതികള്‍ നേടിയെടുക്കുന്നതിനായുള്ള കാര്യങ്ങള്‍ വേഗത്തിലാക്കുവാനും യോഗം തീരുമാനിച്ചു. 23 മീറ്റര്‍ വീതിയില്‍ 5.3 കിലോമീറ്റര്‍ നാലുവരിപ്പാതയായാണ്‌ നിര്‍ദ്ദിഷ്ട ബൈപാസ്. ഏകദേശം 30 ഏക്കര്‍ ഭൂമി ഇതിനായി അക്വയര്‍ ചെയ്യേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്നു. പരമാവധി വീടുകളും കെട്ടിടങ്ങളും ഒഴിവാക്കിയാണ് നിര്‍ദ്ദിഷ്ട അലൈന്‍മെന്റ് കടന്നുപോകുന്നത്. ബൈപാസിന്റെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അര്‍പ്പണവും ഏവരുടെയും സഹകരണവും ഉണ്ടാകണമെന്ന് എം എൽ എ സേവിയർ ചിറ്റിലപ്പിള്ളി അഭ്യര്‍ത്ഥിച്ചൂ.