ഉത്രാളിപ്പൂരം വെടിക്കെട്ട് അനുമതി കാത്ത് പൂരപ്രേമികൾ

വടക്കാഞ്ചേരി : തൃശ്ശൂരിൽ പൂരങ്ങളുടെ കാലം ആരംഭിച്ചു .പൂരം കാണാനും ആഘോഷങ്ങളിൽ പങ്കുചേരാനും നിരവധി ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്.ഇതര ജില്ലക്കാരും വിദേശികളും അടങ്ങുന്ന ലക്ഷക്കണക്കിന് പൂരപ്രമികളാണ് ഉള്ളത്.എന്നാൽ ഇത്തവണ പതിവുപോലെ വെടിക്കെട്ടിന് അനുമതി കിട്ടുമോ എന്ന ആശങ്കയിലാണ് പൂരപ്രേമികൾ.വെടിക്കെട്ടിനു പ്രാധാന്യമുള്ള എല്ലാ പൂരങ്ങളും ഈ കാലത്താണ്.കോടികൾ മുടക്കിയുള്ള വെടിക്കെട്ടാണ് ഇവിടങ്ങളിൽ നടക്കാറുള്ളത്.ഉത്രാളിക്കാവിൽ കഴിഞ്ഞ ദിവസങ്ങളിൽ എകസ്പ്ലോസീവ് ,റവന്യു ഉദ്യോഗസ്ഥരുടെയും പരിശോധന നടന്നു.ഇതിനു പുറമേ ജില്ലാ കളക്ടർ എ. കൗശികനും വെടിക്കെട്ട് നടക്കുന്ന സ്ഥലം പരിശോധിച്ചിരുന്നു.ലക്ഷങ്ങൾ ചിലവാക്കിയാണ് മൂന്ന് ദേശക്കാരും ചേർന്ന് സ്ഥലം വാങ്ങിയത്.വെടിക്കെട്ടിനു അനുമതി നൽകുന്നതിനായി നാട്ടുകാർ മന്ത്രി എ. സി.മൊയ്‌തീനെ സമീപിച്ചിട്ടുണ്ട്.ഡി. വൈ.എസ്.പി.പി.വിശ്വംഭരൻ മൂന്ന് വിഭാഗക്കാരുമായി ചർച്ച നടത്തി.എന്നാൽ പറപുറപ്പാട്,സാമ്പിൾ,പൂരം ദിവസത്തെയും തുടർന്ന് പുലർച്ചെയും നടത്തുന്ന വെടിക്കെട്ടുകൾക്കുള്ള അനുമതി എളുപ്പമാവില്ലെന്ന് അദ്ദേഹം അറിയിച്ചു.എന്നാൽ കഴിഞ്ഞ ദിവസം മലപ്പുറം, പാലക്കാട് ജില്ലകളിൽ വെടിക്കെട്ടിനു അനുമതി നൽകിയത് പൂരപ്രേമികൾക്ക് ആശ്വാസം പകരുന്നു. ഡൈന പൊട്ടിക്കാൻ ആയില്ലെങ്കിലും മറ്റു സാമഗ്രികൾ പൊട്ടിക്കാൻ ആവുമെന്ന പ്രതീക്ഷയിലാണ് കമ്മിറ്റിക്കാർ.