ഉത്രാളിപ്പൂരം പറ പുറപ്പെട്ടു

വടക്കാഞ്ചേരി : ഫെബ്രുവരി 27 ന് നടക്കുന്ന പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തിന്റെ പറപുറപ്പാട് മൂന്ന് ദേശങ്ങളുടെയും സാന്നിധ്യത്തിൽ ചൊവ്വാഴ്ച വൈകിട്ട് പുറപ്പെട്ടു.തായമ്പകയുടെയും മേളത്തിന്റെയും നിറവിൽ ആയിരുന്നു പറപുറപ്പാട്. പുറപ്പാടിന് മുൻപ് പതിവായി നടത്താറുള്ള വെടിക്കെട്ട് ഇത്തവണ ഉണ്ടായില്ല, പകരം ആചാരവെടിയായി 101 കതിന മാത്രമാണ് ഉണ്ടായത്.പൂരത്തോട് അനുബന്ധിച്ചു മൂന്ന് ദേശക്കാരുടെയും വെടിക്കെട്ടുകൾ നടത്തുന്നതിനായി കാഞ്ഞങ്ങാട് ഉള്ള ലൈസെൻസിയെ ആണ് ഏല്പിച്ചിട്ടുള്ളത്.മൂന്ന് വെടിക്കെട്ടുകൾ മാത്രമാണ് ഇത്തവണ പൂരത്തിനോട് അനുബന്ധിച്ചു നടത്തുന്നത്.ക്ഷേത്രം അടിയന്തര അവകാശി അനുമതി വാങ്ങി പറപുറപ്പാടിനുള്ള ശംഖ് വിളിച്ചു.മേൽശാന്തി രാമയ്യർ വാളും ചിലമ്പും കോമരത്തിന് കൈമാറി.ക്ഷേത്ര പ്രദക്ഷിണം നടത്തി കോമരം കൽപ്പന നൽകി.മൂലസ്ഥാനത്ത് പോയി കേളത്ത് തറവാട്ടുകാരുടെ ആദ്യ പറ സ്വീകരിച്ചു.വിവിധ ദേശ കമ്മിറ്റി ഭാരവാഹികൾ, പൂരം കോ - ഓർഡിനേറ്റർ സി.എ ശങ്കരൻ കുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഉത്രാളിക്കാവിൽ എങ്കക്കാട് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സാംസ്കാരിക പരിപാടികൾ ബുധനാഴ്ച രാത്രിയിൽ തുടങ്ങും.