ഉത്രാളിക്കാവ് പൂരത്തിന് ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കും

വടക്കാഞ്ചേരി : ഉത്രാളിപ്പൂരത്തിന്റെ സുരക്ഷാക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് താലൂക്ക് ഓഫീസ്സിൽ സബ് കളക്ടർ രേണു രാജിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പൂരത്തിന് ഹരിത നയം നടപ്പിലാക്കാൻ തീരുമാനമായി.സാമ്പിൾ വെടിക്കെട്ട് നടക്കുന്ന ഫെബ്രുവരി 25 നും പൂരം ദിനമായ 27 നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, ആനകളുടെ സുരക്ഷിതത്വത്തിന് എലിഫെൻറ് സ്ക്വാഡിന്റെ സേവനം ഉറപ്പാക്കും.വെടിക്കെട്ട് സംബന്ധിച്ച് കളക്ടർ നേരിട്ട് ദേശക്കമ്മിറ്റികളുമായി സംസാരിക്കും.കൂടാതെ റെയിൽവേയോടും വേണ്ട സുരക്ഷാ മുൻകരുതൽ സ്വീകരിക്കാൻ ആവശ്യപ്പെടും. ട്രെയിൻ തട്ടിയുള്ള അപകടങ്ങൾ പൂരത്തിന് ഉണ്ടാകാറുള്ള സാഹചര്യത്തിലാണ് ഈ തീരുമാനം.യോഗത്തിൽ അനിൽ അക്കരെ എം.എൽ.എ., നഗരസഭാ ചെയർപേഴ്‌സൺ ശിവപ്രിയ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ,പൂരക്കമ്മിറ്റികളെ പ്രതിനിധാനം ചെയ്ത് കോ-ഓർഡിനേറ്റർ സി.എ. ശങ്കരൻ കുട്ടി, എ. കെ.സതീഷ് കുമാർ,എം.എസ്.നാരായണൻ, പി.ജി.രവീന്ദ്രൻ, തഹസിൽദാർ ബ്രീജാകുമാരി,പോലീസ് ഇൻസ്‌പെക്ടർ പി.എസ്.സുരേഷ് എന്നിവർ പങ്കെടുത്തു.