സ്പന്ദനം രാജ്യാന്തര ചലച്ചിത്രോത്സവം ജൂൺ ഒന്ന് മുതൽ

വടക്കാഞ്ചേരി : സ്പന്ദനം വടക്കാഞ്ചേരിയുടെ ആറാമത് രാജ്യാന്തര ചലച്ചിത്രോത്സവം ഓട്ടുപാറ ഭരതൻ നഗറിൽ ജൂൺ ഒന്നിന് തുടക്കമാകും.അഞ്ചു ദിവസങ്ങളിലായി താളം തിയ്യേറ്ററിൽ വച്ചു നടക്കുന്ന ചലച്ചിത്രോത്സവം ജൂൺ ഒന്നിന് വൈകിട്ട് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾക്ക് അർഹമായ ഇരുപത്തഞ്ചോളം ചിത്രങ്ങൾ, ഒപ്പം ഷോർട്ട് ഫിലിമുകൾ,ഡോക്യുമെന്ററികൾ എന്നിവയും പ്രദർശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. നിരവധി വിഷയങ്ങളെ അടിസ്ഥാനമാക്കി 2,3,4 തീയതികളിൽ ഓപ്പൺ ഫോറവും സംഘടിപ്പിക്കും എന്ന് സ്പന്ദനം സെക്രട്ടറി സുഭാഷ് പുഴയ്ക്കൽ, വൈസ് ചെയർമാൻ പി.എസ് എ. ബക്കർ എന്നിവർ അറിയിച്ചു. ജൂൺ അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം നടൻ സുധീർ കരമന ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മുഖ്യാതിഥിയാകും.