കഥമുത്തശ്ശിക്ക് ബുധനാഴ്ച എൺപത്തിനാലാം പിറന്നാൾ

വടക്കാഞ്ചേരി : മൂന്ന് തലമുറകൾക്ക് കഥകളിലൂടെ അറിവ് പകർന്നുനല്കിയ കുഞ്ഞിക്കഥകളുടെ മുത്തശ്ശിക്ക് ബുധനാഴ്ച എൺപത്തിനാലാം പിറന്നാൾ ദിനം.കുമരനെല്ലൂരിലെ ദേശമംഗലം മനയിൽ ആണ് ഇപ്പോൾ സുമംഗല മുത്തശ്ശി താമസിക്കുന്നത്.ഇനിയും കഥകൾ എഴുതണമെന്നുണ്ടെങ്കിലും പ്രായത്തിന്റെ വിഷമതകൾ അതിന് അനുവദിക്കുന്നില്ല എന്നതാണ് മുത്തശ്ശിയുടെ വിഷമം.ആറ് പതിറ്റാണ്ടുകൾക്ക് മുൻപ് മകൾക്ക് വേണ്ടിയാണ് സുമംഗല മുത്തശ്ശി കഥകൾ എഴുതി തുടങ്ങിയത്.ചെറിയ ചെറിയ കഥകളിൽ തുടങ്ങി മിഠായിപൊതി,നെയ്പായസം,മഞ്ചാടിക്കുരു, പഞ്ചതന്ത്രം തുടങ്ങിയ കഥാസമാഹാരങ്ങളും ഒപ്പം ശ്രീകൃഷ്ണ, ശ്രീരാമ കഥകളും ഭാഗവത കഥകളും എഴുതി.ലീല എന്ന പേര് ഉപേക്ഷിച്ചു സുമംഗല എന്ന തൂലികാ നാമത്തിൽ ആണ് കഥകൾ പ്രസിദ്ധീകരിച്ചത്. അടുത്ത കൂട്ടുകരിയാണ് കല്യാണം കഴിച്ചു കൊണ്ടുവന്ന ദേശമംഗലം മനയോട് സാമ്യപ്പെടുത്തി സുമംഗല എന്ന പേരു നിർദേശിച്ചത്.സുമംഗല എന്ന പേരിൽ അറുപതിനാല് പുസ്തകങ്ങൾ ഒപ്പം ഒട്ടുമിക്ക ആനുകാലികങ്ങളിൽ ഒക്കെ തന്നെ കഥകൾ അച്ചടിച്ചു വന്നു.പിറന്നാൾ ദിവസം കഥ മുത്തശ്ശിക്ക് വടക്കാഞ്ചേരി അനുഗ്രഹ ഹാളിൽ ഒരുക്കിയിരിക്കുന്ന 'മംഗളകൗതുകം ' ആദരത്തിന് കലാ സാഹിത്യ രംഗത്തെ നിരവധി പ്രമുഖർ എത്തിച്ചേരും.