കാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ മുഖവുമായി ‘രോഗിക്കൊരു കൂട്ട്’

വടക്കാഞ്ചേരി : വടക്കാഞ്ചേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ, ഹയർ സെക്കൻഡറി വിദ്യാർഥികൾ 'രോഗിക്കൊരു കൂട്ട്'പദ്ധതിയുമായി രംഗത്ത്. കേരളത്തിന് മുഴുവൻ മാതൃകയാകുന്ന കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ഈ കൂട്ടുകാർ.ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന ഈ സംഘടന, ആശുപത്രികളിൽ സഹായത്തിന് ആരുമില്ലാത്ത രോഗികൾക്ക് ഒരു സഹായമായി എത്തിച്ചേരും.ഒരു ഫോൺ വിളിയിലൂടെ വിദ്യാർഥികൾ രോഗിയുടെ അരുകിൽ എത്തിച്ചേരുന്നതാണ് പദ്ധതി. ആദ്യ ഘട്ടത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി,ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പരീക്ഷണം നടത്തും. സ്കൂളിലെ ആശ്വാസ് പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ്.ഗൈഡ്‌സ്, സൗഹൃദ ക്ലബ്ബ് വിദ്യാർത്ഥികളാണ് ഈ ഉദ്യമത്തിന് പിന്നിൽ.കുട്ടികളിൽ സഹജീവി സ്നേഹം വളർത്തിയെടുക്കാൻ ഉദ്ദേശിച്ചുള്ള ഒരു കർമ്മമാണ് ഇതെന്ന് സ്കൂൾ പ്രിൻസിപ്പൽ വി. ചന്ദ്ര ശേഖരൻ പറഞ്ഞു.ഇതിന് പുറമെ ആതുര സേവന രംഗത്ത് മികച്ച സേവനം പുലർത്തിയ ഡോക്ടർമാർക്ക് ഓരോ വർഷവും കാഷ് അവാർഡും ,ആശ്വാസ് പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തിൽ നൽകും.