മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാലിന്യം സംസ്‌കരിച്ചു വളമാക്കൻ പദ്ധതി

അത്താണി : മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുന്നുകൂടുന്ന മാലിന്യങ്ങൾ അവിടെ തന്നെ സംസ്‌കരിച്ചു വളമാക്കാൻ പദ്ധതി.ഇതിന്റെ ഭാഗമായി പ്രാരംഭ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചു. ഇങ്ങനെ ഉണ്ടാക്കുന്ന വളം അവിടെ വച്ചു തന്നെ കർഷകർക്ക് വിറ്റഴിക്കും.പാലക്കാട് മുണ്ടൂരുള്ള ഐ.ആർ.ടി.സി.യുടെ സാങ്കേതിക സഹായത്തോടെയാണ് പ്രവർത്തനം.പ്രവർത്തനം ഉടനെ ആരംഭിക്കാനാണ് തീരുമാനം.ഇത്തരത്തിൽ വളം വിൽക്കുമ്പോൾ മെഡിക്കൽ കോളേജിനോട് അടുത്ത് കിടക്കുന്ന അവണൂർ, മുളങ്കുന്നത്തുകാവ് , വടക്കാഞ്ചേരി പഞ്ചായത്തുകളിലെ കർഷകർക്ക് മുൻഗണന നൽകും. മാലിന്യ സംസ്കരണത്തിന്റെ ഒന്നാംഘട്ടത്തെ കുറിച്ച് ചർച്ച ചെയ്യാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എം.എ. ആൻഡ്രൂസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ബിജു കൃഷ്ണൻ,ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.പി.വി.സന്തോഷ് ,ആർ .എം.ഒ. ഡോ.സി.പി.മുരളി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എ. അബ്‌ദുൾ ലത്തീഫ്, വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ എന്നിവർ പങ്കെടുത്തു.