കുണ്ടന്നൂർ ചുങ്കം – തലശ്ശേരി റോഡ് അടച്ചു

കുണ്ടന്നൂര്‍ : എരുമപ്പെട്ടി പഞ്ചായത്തിലെ ഒമ്പതാം വാർഡായ ചിറ്റണ്ട തൃക്കണപതിയാരം മുതൽ പൂങ്ങോട് വരേയും വരവൂർ പഞ്ചായത്തിലെ 8,9,10,11,12 വാർഡുകളും കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് കുണ്ടന്നൂർ ചുങ്കം – തലശ്ശേരി റോഡ് അടച്ചു. ചിറ്റണ്ട മേഖലയിലെ മത്സ്യ കച്ചവടക്കാർ പട്ടാമ്പി മാർക്കറ്റിൽ സമ്പർക്കം പുലർത്തിയിട്ടുണ്ട്. കൊവിഡ് ബാധിതനായ പട്ടാമ്പി മത്സ്യ മാർക്കറ്റിലെ ചുമട്ട് തൊഴിലാളി ചിറ്റണ്ടയിലെ മൂന്ന് ബന്ധു ഗൃഹങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.ഈ കുടുംബങ്ങളെയെല്ലാം ആരോഗ്യ വകുപ്പ് ക്വാറൻ്റയ്നിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് മേഖല കണ്ടെയ്ൻമെൻ്റ് സോണാക്കി മാറ്റിയത്. വരവൂർ പഞ്ചായത്തിലെ 28 മത്സ്യ വിൽപ്പന തൊഴിലാളികൾക്ക് പട്ടാമ്പി മാർക്കറ്റിലെ തൊഴിലാളികളുമായി സമ്പർക്കമുണ്ടായിട്ടുണ്ട്.ഇവരും കുടുംബാഗങ്ങളും നിരീക്ഷണത്തിൽ കഴിയുകയാണ്.ഇതേ തുടർന്നാണ് ഈ പ്രദേശങ്ങൾ അതി ജാഗ്രതമേഖലയാക്കി പ്രഖ്യാപിച്ചത്. ആംബുലൻസ് സർവ്വീസ് മാത്രമേ ഈ റോഡിലൂടെ അനുവദിക്കുന്നുള്ളു. പൊലീസ് മേഖലയിൽ നീരീക്ഷണം ശക്തമാക്കി .