ആരോഗ്യ സർവകലാശാല ഇനി ഹരിത ക്യാംപസ്.

അത്താണി : ആരോഗ്യ സർവകലാശാല ക്യാംപസ് ഇനി മുതൽ പ്ലാസ്റ്റിക്, ഇതര മാലിന്യമുക്ത ഇടം. സർവകലാശാലയിലെ ശുചിത്വ പൂർണതയ്ക്ക് ഹരിതകേരള മിഷന്റെ എ ഗ്രേഡ് സർട്ടിഫിക്കറ്റും സർവകലാശാല സ്വന്തമാക്കി. സർക്കാർ ഓഫീസുകളെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹരിത കേരള മിഷൻ ആദരവ് നൽകിയത്. 65 ഏക്കറിൽ വരുന്ന ക്യാംപസ് മുഴുവനായും പ്ലാസ്റ്റിക് മുക്തമായി. തുമ്പൂർമുഴി മാതൃകയിലുള്ള മാലിന്യ സംസ്ക്കരണ സംവിധാനമാണ് ഇവിടെ സജ്ജീകരിച്ചത്. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വേർതിരിച്ച് ശേഖരിക്കുകയാണിവിടെ. കുടുംബശ്രീ പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനായി 26 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ക്ലീൻ കേരള മിഷൻ വഴിയാണ് ക്യാംപസിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നത്. മാസത്തിലൊരിക്കൽ മിഷൻ പ്രവർത്തകരെത്തി പ്ലാസ്റ്റിക് മാലിന്യങ്ങളും പേപ്പർ മാലിന്യങ്ങളും ശേഖരിക്കും. ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി ക്യാംപസിൽ മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. ഏഴ് നിലകളുള്ള ക്യാംപസ് കെട്ടിടത്തിന്റെ ഓരോ നിലകളിലും ക്ലാസ്സ്‌ മുറികളിലുമായി മാലിന്യം ശേഖരിക്കുന്നതിന് വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. പരീക്ഷാഹാളിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് വിലക്കുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്കും ഈ നിബന്ധന കർശനമാക്കി. ലഹരി വസ്തുക്കളുടെ ഉപയോഗവും ക്യാംപസിനുള്ളിൽ നിരോധിച്ചു. ലഹരി മുക്ത ക്യാംപസായും ഇവിടം മാറി. ഇതിന്റ ഭാഗമായി ഡീൻ സ്റ്റുഡന്റസ് അഫേഴ്സിന്റെ കീഴിൽ പ്രത്യേക സെല്ലും പ്രവർത്തിച്ചു വരുന്നു.