![]()
വടക്കാഞ്ചേരി : തൃശ്ശൂരിലെ പ്രൊഫഷണല്‍ കോളേജുകളെ ലക്ഷ്യമിട്ട് തേനിയില്‍നിന്ന് കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവ് എക്‌സൈസ് പിടിച്ചു. വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരത്തേക്കുള്ള പരശുറാം എക്സ്പ്രസില്‍ കഞ്ചാവുമായി ഇറങ്ങിയ യുവാക്കളെ റെയില്‍വേ സുരക്ഷാസേനയുടെ സഹായത്തോടെയാണ് എക്‌സൈസ് പിടികൂടിയത്. ഓട്ടോ ഡ്രൈവര്‍ പുത്തൂര്‍ക്കര കാനാട്ട് വീട്ടില്‍ സുകേഷ് (26), പന്തല്‍, സൗണ്ട് പണിക്കാരനായ പൂത്തോള്‍ കുറ്റിച്ചിറ വിഷ്ണു (20) എന്നിവരാണ് അറസ്റ്റിലായത്. തേനിയില്‍നിന്ന് സ്ഥിരമായി കഞ്ചാവ് കൊണ്ടുവന്ന് കോളേജ് വിദ്യാര്‍ഥികള്‍ക്ക് വില്പന നടത്തുന്നുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞു. തേനിയില്‍ ഒരു കിലോയ്ക്ക് പതിനായിരം രൂപ നിരക്കില്‍ കഞ്ചാവ് ലഭിക്കും. ചില്ലറയായി വിതരണം ചെയ്യുമ്പോള്‍ അരലക്ഷം രൂപ ലാഭം കിട്ടും. തോള്‍സഞ്ചിയില്‍ പൊതിഞ്ഞ് തീവണ്ടികള്‍ മാറിമാറിക്കയറിയാണ് തൃശ്ശൂരില്‍ കഞ്ചാവ് എത്തിക്കുക. തൃശ്ശൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് ലഭിച്ച ഫോണ്‍സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍.പി.എഫിന്റെക്കൂടി സഹായം ഉറപ്പാക്കി വടക്കാഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി. ശ്രീകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ജീന്‍ സൈമണ്‍, സി.പി. പ്രഭാകരന്‍, സി.ഇ.ഒ.മാരായ കെ.ആര്‍. രാമകൃഷ്ണന്‍, പി.ആര്‍. സന്തോഷ്, പി.എന്‍. പ്രദീപന്‍ എന്നിവരടങ്ങുന്ന സംഘം പ്രതികളെ പിടികൂടിയത്. ആര്‍.പി.എഫ്. കോണ്‍സ്റ്റബിള്‍മാരായ സജി അഗസ്റ്റിന്‍, സബിന്‍ എന്നിവരും എക്‌സൈസിനെ സഹായിച്ചു.