വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ 1.79 കോടി രൂപയുടെ ഐസൊലേഷൻ വാർഡ്

വടക്കാഞ്ചേരി : സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.79 കോടി ചിലവഴിച്ച് ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നു. സംസ്ഥാനത്ത് 140 ഐസൊലേഷൻ വാർഡുകൾ ഇത്തരത്തിൽ നിർമ്മിക്കുന്നതിൽ 35 എണ്ണത്തിന് വർക്ക് ഓർഡർ നൽകി. ഇതിൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡും ഉൾപ്പെടുന്നു. വർക്ക് ഓർഡർ കിട്ടിയ മുറയ്ക്ക് തന്നെ നിലമൊരുക്കൽ പ്രവൃത്തി ആരംഭിക്കുകയും വെള്ളിയാഴ്ച്ച എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി സ്ഥലം സന്ദർശിക്കുകയും ചെയ്തു. 10 ബെഡ്ഡുകളുള്ള ഐസൊലേഷൻ വാർഡ് 2400 സ്ക്വയർ ഫീറ്റിൽ പ്രീഫാബ്രിക്കേറ്റഡ് മാതൃകയിലാണ് നിർമ്മിക്കുന്നത്. കിഫ്ബിക്കാണ് ചുമതല. വാർഡിലേക്കാവശ്യമായ ഉപകരണങ്ങൾ നൽകുന്നത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ എം എസ് സി എൽ ) ആണ്. ഉടനെ തന്നെ തറക്കല്ലിട്ട് ഐസൊലേഷൻ വാർഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് അതിവേഗം പൂർത്തീകരിക്കും. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ആർ. അരവിന്ദാക്ഷൻ, ജില്ലാ ആശുപത്രി സൂപണ്ട് ഡോ. ബിന്ദു തോമസ്, ആർദ്രം മിഷൻ ജില്ലാ കോഡിനേറ്റർ ഡോ. നിതിൻ കൃഷ്ണ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. യു. ആർ. രാഹുൽ, എൽ എസ് ജി ഡി ബ്ലോക്ക് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ. സിബി, അസിസ്റ്റൻ്റ് എൻജിനീയർ ശ്രീമതി. സുരഭി തുടങ്ങിയവർ എം എൽ എ യുടെ കൂടെ സ്ഥലം സന്ദർശിച്ചു.