ദേശമംഗലം, വരവൂര്‍ മേഖലകളില്‍ ഭൂചലനം.

വടക്കാഞ്ചേരി : ദേശമംഗലം, വരവൂര്‍, ആറങ്ങോട്ടുകര, തലശ്ശേരി, തളി എന്നീ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പീച്ചി കെ.എഫ് .ആര്‍.ഐയിലെ റിക്ടര്‍ സ്‌കെയിലില്‍ 1 ദശാംശം 3 തീവ്രത രേഖപെടുത്തി. 12.40-ഓടെ വലിയ ശബ്ദത്തോടെ മുഴക്കം കേട്ടു. മൂന്നു സെക്കന്‍ഡ് നീണ്ടു നിന്ന ചെറിയ വിറയലും ഉണ്ടായി. ജില്ലയിലെ ഈ പ്രദേശങ്ങളില്‍ സ്ഥിരമായി ചലനങ്ങള്‍ ഉണ്ടാകാറുണ്ട്. തൊണ്ണൂറുകളിലാണ് ഈ പ്രദേശങ്ങളില്‍ വലിയ രീതിയിലുള്ള തുടര്‍ ചലനങ്ങള്‍ ഉണ്ടായത്. ആ സമയത്തു നിരവധി വീടുകള്‍ക്കു നാശനഷ്ടവും ഭൂമിയില്‍ വിള്ളലുകളും ഉണ്ടായിരുന്നു. പിന്നീട് കുറെ വര്‍ഷങ്ങളായി ഭൂചലനം വളരെ അപൂര്‍വമായി മാത്രമേ ഉണ്ടാകാറുള്ളൂ. വീണ്ടും ഇത്തരത്തില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ ഉണ്ടാകുന്നത് നാട്ടുകാരില്‍ വലിയ രീതിയിലുള്ള ആശങ്കയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ 3 മാസത്തിനിടെ 6 തവണ ഭൂചലനം ഉണ്ടായി. അവസാനമായി അനുഭവപ്പെട്ട വലിയ ചലനം റിക്ടര്‍ സ്‌കെയിലില്‍ 2 ദശാംശം 7നു മുകളില്‍ രേഖപ്പെടുത്തിയിരുന്നു. ഈ പ്രദേശങ്ങളിലെ ചലനങ്ങളുടെ തീവ്ര ത രേഖപ്പെടുത്തുന്നതിന് വേണ്ടി സ്ഥാപിച്ച ഭൂചലന നിരീക്ഷണ കേന്ദ്രം ഇപ്പോള്‍ വെറും നോക്കു കുത്തിയായിനില്‍ക്കുകയാണ്. ഇവിടെ സ്ഥാപിച്ചിരുന്ന നിരീക്ഷണ മാപിനികള്‍ പീച്ചി വനഗവേഷണകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.