വീട്ടമ്മയെ പീഡിപ്പിച്ചത് വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറടക്കം മൂന്നുപേര്‍
വടക്കാഞ്ചേരി : സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ ജയന്തന്‍ ഉള്‍പ്പെടെ മൂന്നുപേരാണ് മാനഭംഗപ്പെടുത്തിയതെന്ന് വെളിപ്പെടുത്തി തൃശൂരില്‍ കൂട്ടമാനംഭംഗത്തിന് ഇരയായ യുവതി. ജയന്തന്റെ സഹോദരന്‍ ജിനീഷ്, ഷിബു എന്നിവരും മാനഭംഗപ്പെടുത്തിയതായി യുവതി വെളിപ്പെടുത്തി. ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ പാര്‍വതി എന്നിവര്‍ക്കൊപ്പം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തിയാണ് യുവതിയും ഭര്‍ത്താവും പീഡിപ്പിച്ചവരുടെ പേരുകള്‍ പുറത്തുപറഞ്ഞത്.
തൃശൂരില്‍ ഭര്‍ത്താവിനോടൊപ്പം കുടുംബസമേതം താമസിച്ച് വരികയായിരുന്ന യുവതിയെ രണ്ട് വര്‍ഷം മുന്‍പാണ് ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ നാല് പേര്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്. ഇതേക്കുറിച്ച് അന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് യുവതിയെ അപമാനിച്ചുവെന്നും യുവതി ഭാഗ്യലക്ഷ്മിയോട് പറഞ്ഞിരുന്നു. കൂടാതെ പ്രതികള്‍ നിരന്തരം ശല്യം ചെയ്ത് വരുന്നതായും യുവതി പറഞ്ഞുവെന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. യുവതിയുടെ വെളിപ്പെടുത്തല്‍ ഭാഗ്യലക്ഷ്മി ഫേസ് ബുക്കിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം വാര്‍ത്തയായത്.