നാല്പതോളം ബസുകള്‍ ഇന്നത്തെ വരുമാനം കാരുണ്യനിധിയിലേക്ക് നല്‍കി

വടക്കാഞ്ചേരി : ചേലക്കര ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെയും കേരള ബസ് ട്രാന്‍സ്‌പോര്‍ട് അസോസിയേഷന്റെ സംയുക്താഭിമുഖ്യത്തില്‍ ചേലക്കര മേഖലയിലെ നാല്പതോളം ബസുകള്‍ ഇന്നത്തെ വരുമാനം കാരുണ്യനിധിയിലേക്ക് നല്‍കും. തൃശൂര്‍-തിരുവില്വാമല റൂട്ടില്‍ സര്‍വീസ് നടത്തുന്ന വട്ടപ്പറമ്പില്‍ ബസിലെ ഡ്രൈവറായിരുന്ന ചേലക്കര നാട്ടിന്‍ചിറ സ്വദേശി ഇബ്രാഹിമിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിന് വേണ്ടിയാണ് കാരുണ്യ യാത്ര നടത്തുന്നത്. ഈ മാസം 10ന് ബസ് ഓടിച്ചു കൊണ്ടിരിക്കെ നെഞ്ചു വേദന വന്ന ഇബ്രാഹിം ഉടന്‍തന്നെ ബസ് മറ്റൊരാളെ ഏല്‍പ്പിച്ച ശേഷം ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇബ്രാഹിമിന്റെ കുടുംബത്തെ സഹായിക്കുവാനായി രണ്ടു ദിവസം മുന്‍പ് ബസ് തൊഴിലാളികളുടെ നേതൃത്വത്തില്‍ സ്വരൂപിച്ച പണം ചേലക്കര സി.ഐ.-വിജയകുമാരന്റെ സാന്നിദ്ധ്യത്തില്‍ ഇബ്രാഹിമിന്റെ മാതാവിന് കൈമാറിയിരുന്നു. ഇന്ന് നടക്കുന്ന കാരുണ്യ യാത്രയുടെ ഔപചാരിക ഉദ്ഘാടനം ഓട്ടുപാറയില്‍ വടക്കാഞ്ചേരി ജോയിന്റ് ആര്‍.ടി.ഒ. -ടി.ജി.ഗോകുലന്‍ നിര്‍വഹിച്ചു. ബസ് കണ്ടക്ടര്‍മാര്‍ പ്രത്യേകം തയ്യാറാക്കിയ ബക്കറ്റുകളുമായാണ് യാത്രക്കാരില്‍ നിന്നു ഫണ്ട് സ്വരൂപിച്ചത് . കേരള ബസ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ രക്ഷാധികാരി ജി.സുരേഷ്, എം.സി.രതീഷ്, ജില്ലാ സെക്രട്ടറി മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.