തെക്കുംകര പഞ്ചായത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും

വടക്കാഞ്ചേരി : പാതയോരത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സാമൂഹിക വിരുദ്ധരെ പിടികൂടാന്‍ തെക്കുംകര ഗ്രപഞ്ചായത്ത് സി സി ടി വി കാമറകള്‍ സ്ഥാപിക്കുന്നു. തെക്കുംകര പഞ്ചായത്തിലെ മച്ചാട് - താണിക്കുടം റോഡില്‍ പുന്നംപറമ്പ് - കുണ്ടുകാട് അമ്പലപ്പാടുള്ള വനം വകുപ്പിന്‍റെ ഔട്ട്‌ പോസ്റ്റ്‌ മുതല്‍ ഊരോക്കോട് വനപ്രദേശം വരെയുള്ള ഭാഗത്താണ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത്. ഈ പ്രദേശങ്ങള്‍ വിജനമായതിനാല്‍ വിദൂര സ്ഥലങ്ങളില്‍ നിന്നു പോലും അറവു മാലിന്യങ്ങളും , ഹോട്ടലുകളിലെ അവശിഷ്ട്ടങ്ങളും, കക്കൂസ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് നിത്യ സംഭവമായിരിക്കുകയാണ്. ഈ പ്രവര്‍ത്തികള്‍ മൂലം സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിച്ചു ആരോഗ്യപ്രശ്നങ്ങള്‍ ഉടലെടുക്കാനും തുടങ്ങിയ സാഹചര്യത്തിലാണ് അധികൃതര്‍ ഈ തിരുമാനം കൈകൊണ്ടത്.