ബസും ലോറിയും കൂട്ടിയിടിച്ചു 15 ഓളം പേർക്ക് പരിക്ക്

വടക്കാഞ്ചേരി : പരുത്തിപ്ര വളവിൽ ബസും ലോറിയും കൂട്ടിയിടിച്ചു 15 ഓളം പേർക്ക് പരിക്ക് . ശനിയാഴ്ച ഉച്ചക്ക് 11.45 ഓടുകൂടിയാണ് അപകടം സംഭവിച്ചത് . തിരുവില്വാമലയിൽ നിന്ന് തൃശ്ശൂരിലേക്ക് പോയിരുന്ന വട്ടപ്പറമ്പില്‍ എന്ന സ്വകാര്യബസ്സും വടക്കാഞ്ചേരി ഭാഗത്തു നിന്ന് വന്ന ടോറസ്സ് ലോറിയും ആണ് അപകടത്തിൽ പെട്ടത് . അപകടത്തില്‍ സാരമായി പരുക്കേറ്റ രണ്ടു പേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിസാര പരിക്കുകൾ ഉള്ളവരെ ഓട്ടുപാറ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ മറികടന്നു വന്ന ടോറസ് ലോറി ബസിന്റെ വലതു വശത്ത് പുറകിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ടോറസ്സ് ലോറിയുടെ മുന്‍വശം പൂര്‍ണ്ണമായും, ബസിന്റെ പിന്‍വശം ഭാഗികമായും തകര്‍ന്നു. അപകടത്തെ തുടർന്ന് ഷൊർണൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.