ഭാരതപ്പുഴ ജലസമൃദ്ധിയിൽ

വടക്കാഞ്ചേരി : കൊച്ചിൻ പാലത്തിന് സമീപം മുടങ്ങിക്കിടന്ന തടയണയുടെ നിർമ്മാണം പൂർത്തിയായതും ഒപ്പം ലഭിച്ച വേനൽ മഴയും ഭരതപ്പുഴയെ ജലസമൃദ്ധമാക്കി.തടയണയുടെ തമ്പുരാൻ എന്നറിയപ്പെടുന്ന ടി.എൻ.എൻ.ഭട്ടതിരിപ്പാടിന്റെ സ്വപ്നമാണ് പൂർത്തിയായ തടയണ.ഷട്ടറുകൾ പൂർണ്ണമായി ഘടിപ്പിച്ചതോടെ ജലനിരപ്പ് ഉയരുകയും ,രാത്രിയിൽ കനത്ത മഴ പെയ്തതോടെ തടയണയ്ക്ക് മുകളിലൂടെ വെള്ളം നിറഞ്ഞ് ഒഴുകി.പത്തുവർഷം മുമ്പ് നാട്ടുകാർ ഒത്തുചേർന്ന് താൽക്കാലിക തടയണ നിർമ്മിച്ചത് മൂലം വെള്ളത്തിന്റെ നിരപ്പ് അന്ന് ഉയർന്നത് പിന്നീട് ഈ പദ്ധതിക്ക് പ്രചോദനമായി.എന്നാൽ 2008 ൽ ആരംഭിച്ച പദ്ധതി ഇടയ്ക്ക് വച്ചു മുടങ്ങി പോയിരുന്നു.തുടർന്ന് എം.എൽ.എ. മാരായ യു.ആർ.പ്രദീപിന്റെയും, പി.കെ.ശശിയുടെയും ശ്രമഫലമായിട്ടാണ് വീണ്ടും ഏതാനും മാസങ്ങൾ കൊണ്ട് തടയണ നിർമ്മാണം പൂർത്തിയായത്.തടയണയുടെ നിർമ്മാണത്തോടെ പുഴയിൽ നാല് കിലോമീറ്ററോളം ജലം നിറഞ്ഞു നിൽക്കുമെന്നാണ് നിഗമനം.