ആറ്റൂരിൽ അർധരാത്രിയിൽ നടന്ന അപകടത്തിൽ രക്ഷയേകിയതിന് എസ്.പിയുടെ പ്രശംസ

വടക്കാഞ്ചേരി : നിയന്ത്രണം വിട്ട കാർ ഇടിച്ച് തകർന്ന സംഭവത്തിൽ പരിക്കേറ്റ യാത്രികരെ തത്സമയം ആശുപത്രിയിലെത്തിച്ച ചെറുതുരുത്തി ആറ്റൂർ സ്വദേശിയായ എ.എസ്.ഐ ജോർജ്ജിന് തൃശൂർ റൂറൽ എസ്.പി ജി.എച്ച്. യതീഷ്ചന്ദ്രയുടെ അഭിനന്ദനം. പഴനി ദർശനത്തിനു ശേഷം കാറിൽ തിരിച്ചുവരവെ ആറ്റൂരിൽ വെച്ച് അപകടത്തിൽ പെട്ട എരുമപെട്ടി മങ്ങാട് സ്വദേശികളായ കുടുംബത്തെയാണ് രക്ഷിച്ചത്. കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് സംഭവം. അപകടത്തിൽ ഗുരുതര പരിക്കേറ്റ് വടക്കാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുടുംബനാഥയായ മങ്ങാട് പന്തലങ്ങാട്ട് ചന്ദ്രിക മരണപെട്ടിരുന്നു. മറ്റുള്ളവർ രക്ഷപെട്ടു. രാത്രി 1.30യോടെ ശബ്ദം കേട്ട് സ്വന്തം വീട്ടിൽ നിന്നും ഓടിയെത്തിയ ജോർജ്ജും, ഭാര്യയുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ കുടുങ്ങിയിരുന്നവരെ ഏറെ ശ്രമകരമായാണ് പുറത്തെടൂത്ത് ആശുപത്രിയിലെത്തിച്ചത്. ആരാലും ശ്രദ്ധിക്കപ്പെട്ടാത്ത സ്ഥലമായതിനാൽ ഇവരുടെ അവസരോചിതയിടപെടലാണ് രക്ഷയായത്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐയായാണ് ജോർജ്ജ് ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്.