പാർളിക്കാട് ബൈപാസ് റോഡിൽ ലോറി മറിഞ്ഞു.
വടക്കാഞ്ചേരി : പാർളിക്കാട് ബൈപാസ് റോഡിൽ മിനി ലോറി ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു. തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോട് കൂടിയാണ് അപകടം നടന്നത് . തൃശൂരിൽ നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് വന്നിരുന്നു മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ചില്ല് കുപ്പികൾ റോഡിൽ വീണു പൊട്ടിയതിനെ തുടർന്ന് ഷൊർണൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഷൊർണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളെ കുറാഞ്ചേരിയിൽ നിന്നും പഴയ സംസ്ഥാന പാത (മിണാലൂർ - പാർളിക്കാട് ) വഴി തിരിച്ചുവിട്ട് ഗതാഗത തടസ്സം ഒഴിവാക്കി. നഗരസഭ കണ്ടിജന്റ് തൊഴിലാളികളും പോലീസും നാട്ടുകാരും ചേർന്ന് കുപ്പിച്ചില്ലുകൾ നീക്കം ചെയ്തു. അഗ്നിശമനസേനാ വിഭാഗം വെള്ളമടിച്ച് റോഡ് ഗതാഗത യോഗ്യമാക്കി .ചില്ലുകൾ ദേഹത്ത് തുളഞ്ഞു കയറി നിസ്സാര പരിക്കേറ്റ ലോറി ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു