പത്താഴക്കുണ്ട് അണക്കെട്ട് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

വടക്കാഞ്ചേരി : പത്താഴക്കുണ്ട് അണക്കെട്ടിന്റെ നവീകരണ പ്രവർത്തനങ്ങൾ ജൂണിൽ മഴ ശക്തമാകുന്നതിന് മുൻപ് തന്നെ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ചെറുകിട ജലസേചന വകുപ്പ്.നാല് പതിറ്റാണ്ടുകൾക്ക് മുൻപ് 1978 ൽ ചെറുകിട -കൃഷി ആവശ്യങ്ങളെ മുന്നിൽ കണ്ട് നിർമ്മിച്ചതാണ് ഈ അണക്കെട്ട്.എന്നാൽ ചോർച്ച മൂലം വർഷങ്ങളായി ഉപയോഗപ്രദമായിരുന്നില്ല.അണക്കെട്ടിന്റെ ഉപരിതലത്തിൽ കല്ല് പതിക്കൽ,കാന നിർമ്മാണം എന്നിവ കഴിഞ്ഞ വർഷം 2 കോടിയോളം രൂപ ചിലവിൽ നടത്തിയിരുന്നു. ചോർച്ച പരിഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്.ഇതിനായി പുനെ എൻജിനീയറിങ് ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധരുടെ നിർദ്ദേശാനുസരണം കോൺക്രീറ്റ് ബാരലിനുള്ളിൽ സ്റ്റീൽ ബാരൽ സ്ഥാപിക്കുകയാണ് ചെയ്യുന്നത്.ഈ പ്രവർത്തനത്തിന് ഏകദേശം 1.88 കോടിയോളം രൂപ ചിലവ്‌ ആണ് കണക്കാക്കുന്നത്.ചെറുകിട ജലസേചനവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുരേഷ് ബാബു, അസിസ്റ്റന്റ് എൻജിനീയർ ഡേവിഡ് സാം എന്നിവരുടെ മേൽനോട്ടത്തിൽ ആണ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.