ഭരതം ലളിതം – നഞ്ചിയമ്മ ഗാനം ആലപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.

വടക്കാഞ്ചേരി : വടക്കാഞ്ചേരി ശ്രീ. കേരളവർമ്മ വായനശാലയുടെ ആഭിമുഖ്യത്തിൽ 'ഭരതം ലളിതം' എന്ന പേരിൽ ഇരുപത്തിനാലാമതു ഭരതൻ സ്മൃതിയും കെപിഎസി ലളിത അനുസ്മരണവും സംഘടിപ്പിച്ചു. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മ ഗാനം ആലപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സേവിയർ ചിറ്റിലപ്പിള്ളി എം. എൽ .എ അധ്യക്ഷത വഹിച്ചു. എങ്കക്കാട് നിറച്ചാർത്ത് കലാസമിതിയുടെ ചിത്രരചനാ ക്യാമ്പിൽ വച്ച് ഇരട്ട സഹോദരിമാരായ അസ്നയും തസ്നിയും ചേർന്ന് വരച്ച ലളിത ചേച്ചിയുടെ ഛായാചിത്രം ശ്രീ. എ സി മൊയ്തീൻ എംഎൽഎ അനാച്ഛാദനം ചെയ്യുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. സിദ്ധാർത്ഥ് ഭരതൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. ശ്രീ. ജയരാജ് വാര്യർ ജോൺ പോൾ, പ്രതാപ് പോത്തൻ എന്നിവരെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. ഭരതൻ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി അദ്ദേഹം നടത്തിയ അവതരണം അവിസ്മരണീയമായിരുന്നു. ലളിത ചേച്ചിയുടെ ഛായാചിത്രം നിറച്ചാർത്ത് സമിതി ഭാരവാഹിയായ ദാസ് വടക്കാഞ്ചേരിയിൽ നിന്നും നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എം ആർ അനൂപ് കിഷോർ ഏറ്റുവാങ്ങി വായനശാലയ്ക്ക് സമർപ്പിച്ചു. മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അമ്പലപുരം സ്വദേശി ശ്രീ. ഗോകുൽദാസിനെ ആദരിച്ചു. ചിത്രകാരികളായ അസ്നയേയും തസ്നിയേയും ആദരിച്ചു. ഭരതൻ ഫൗണ്ടേഷൻ കൺവീനർ ശ്രീ. മാരാത്ത് വിജയൻ സംസാരിച്ചു. വായനശാല പ്രസിഡൻ്റ് വി മുരളി സ്വാഗതവും, സെക്രട്ടറി ജി സത്യൻ മാസ്റ്റർ നന്ദിയും പറഞ്ഞു.