വൈഭവച്ചേരി (FAMOUS PERSONS FROM WADAKANCHERY)

ജന്മം കൊണ്ടും കർമ്മം കൊണ്ടും വടക്കാഞ്ചേരിയെ ഭൂമികയാക്കിയ കുറെ പ്രതിഭാശാലികൾ. അവരുടെ വൈഭവം വടക്കാഞ്ചേരിയെ വൈഭവച്ചേരിയാക്കുന്നു. അവരിൽ കുറേപ്പേരുടെ ജീവിതത്തിലൂടെ ഒരോട്ടപ്രദക്ഷിണം

വൈഭവസ്മൃതി

ഓർമ്മയിൽ ആദ്യം ഉയരുന്നത് കൈകൊട്ടിക്കളിപ്പാട്ടിന്‍റെ ശീലുകളാണ്. “കല്യാണീ കളവാണീ…………”. കാവ്യങ്ങൾക്കൊപ്പം ഒട്ടേറെ കൈകൊട്ടിക്കളിപ്പാട്ടുകൾ കൂടി രചിച്ച കവി മച്ചാട്ടിളയത് (ഏകദേശം 1750-1843) ശക്തൻ തമ്പുരാന്‍റെ സമകാലീനനായിരുന്നു. വിദ്വാൻ ഇളയത് സ്മാരകവായനശാല ഇന്നും സജീവം .

പച്ചമലയാളപ്രസ്ഥാനത്തെ അനുകൂലിച്ച കവിയും അനുഗൃഹീതപ്രതിഭാധനനുമായിരുന്നു ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ. (1869—1916). ഇദ്ദേഹം കുറച്ചുകാലം വടക്കാഞ്ചേരി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു, പിന്നീട് തഹസീൽ മജിസ്ട്രേറ്റും. അദ്ദേഹത്തിന്റെ, മരുമകനാണ് മലയാളസിനിമയുടെ സൌഭാഗ്യമായിരുന്ന ഒടുവിൽ ഉണ്ണികൃഷ്ണൻ (13 ഫെബ്രുവരി 1944 – 27 മെയ് 2006) . സ്വാഭാവിക അഭിനയത്തിന്‍റെ പാഠശാല എന്നറിയപ്പെട്ടിരുന്ന ഒടുവിൽ ഉണ്ണികൃഷ്ണൻ കഴിവുറ്റ തബലവിദ്വാനും സംഗീതകാരനുമായിരുന്നു. കൊമ്പുവാദ്യകുലപതിയായിരുന്ന മച്ചാട്ട് അപ്പുനായരുടെ സ്മരണാർത്ഥം വർഷം തോറും പുരസ്കാരം നൽകി വരുന്നുണ്ട്.

മലയാള-സംസ്കൃതപണ്ഡിതൻ, കവി, നിരൂപകൻ, പ്രസാധകൻ , വിവർത്തകൻ,സംഗീതജ്ഞൻ ,അദ്ധ്യാപകൻ എന്നിങ്ങനെ വിവിധനിലകളിൽ പ്രശസ്തനാണ് ആറ്റൂർ കൃഷ്ണപ്പിഷാരടി (1876 ഒക്ടോബർ 4– 1964 ജൂൺ 5 ). കേരളശാകുന്തളം എന്ന ശാകുന്തളവിവർത്തനവും സംഗീതചന്ദ്രിക എന്ന സംഗീതശാസ്ത്രഗ്രന്ഥവുമുൾപ്പടെ ഒട്ടേറെ കൃതികൾ രചിച്ചിട്ടുണ്ട് സംസ്കൃതപണ്ഡിതനും സാഹിത്യകാരനും വേദജ്ഞനും അദ്ധ്യാപകനും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായിരുന്നു വി കെ നാരായണഭട്ടതിരി എന്ന വി കെ ഭട്ടതിരി (1880—1954) അദ്ദേഹത്തിന്‍റെ ലേഖനങ്ങൾ വരാത്ത പത്രമാസികകളില്ല. വേദാർത്ഥവിചാരത്തിലൂന്നിയ സാഹിത്യരചനയായിരുന്നു അദ്ദേഹത്തിന്‍റെത്. കേരളവർമ്മ വായനശാലയുടെ ഉയർച്ചയ്ക്കായും അദ്ദേഹം അനവരതം പ്രയത്നിച്ചിട്ടുണ്ട്.സംസ്കൃതപണ്ഡിതനും കവിയും അക്ഷരശ്ലോകാചാര്യനുമായ വി ശങ്കുണ്ണിക്കുട്ടൻ പാർളിക്കാട് വെള്ളത്തേരി കുടുംബാംഗമാണ്. മുണ്ടത്തിക്കോട് എൻ എൻ എസ് ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായിരുന്ന അദ്ദേഹം ഏതാനും കൃതികളും രചിച്ചിട്ടുണ്ട്. പൂന്താനദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയിട്ടുള്ള ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.

വിലാസിനി എന്ന പേരിൽ സാഹിത്യരചന നടത്തിയ മൂർക്കനാട്ട് കൃഷ്ണൻകുട്ടി മേനോന്‍റെ(23 ജൂൺ1928—15മേയ്1993) നോവലിന് അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച “അവകാശികൾ” ഇന്ത്യൻ ഭാഷകളിൽ വന്ന ഏറ്റവും വലിയ നോവലാണ്.വിലാസിനിയുടെ സഹോദരൻ എം പി മേനോൻ ഹൈക്കോടതി ജസ്റ്റിസ് ആയിരുന്നു.മുപ്പതോളം കൃതികൾ രചിച്ച ഏകലവ്യൻ എന്ന കെ എം മാത്യുവിന്‍റെ രചനകളിൽ ചിലതിന് വടക്കാഞ്ചേരി പശ്ചാത്തലമായിട്ടുണ്ട്.

2007 ജൂലൈ 29ന് ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ട സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കൽ (1931ഫെബ്രുവരി13—1957 ജൂലൈ 24) കുണ്ടന്നൂർ ഇടവകയിൽ കണ്ണനായ്ക്കൽ പൊറിഞ്ചു (ഫ്രാൻസിസ്)വിന്‍റെയും പ്ലമേന(ഫിലോമിന)യുടെയും പുത്രിയാണ്.വിശുദ്ധയായി നാമകരണം ചെയ്യപ്പെടാനുള്ളതിന്‍റെ ആദ്യപടിയാണ് ദൈവദാസിപ്രഖ്യാപനം

ഓളവും തീരവും എന്ന സിനിമ പൂർണ്ണമായും ഔട്ട്ഡോറിൽ ചിത്രീകരിച്ച് മലയാളസിനിമയിൽ ചരിത്രം സൃഷ്ടിച്ച സംവിധായകനും കലാസംവിധായകനുമായിരുന്നു പാലിശ്ശേരി നാരായണൻകുട്ടി മേനോൻ എന്ന പി എൻ മേനോൻ.(1928–2008). 2002 ലെ ജെസി ഡാനിയേൽ പുരസ്‌കാരജേതാവായ അദ്ദേഹത്തിന്‌ പല തവണ ദേശീയ സംസ്ഥാനബഹുമതികൾ ലഭിച്ചിട്ടുണ്ട്. പി എൻ മേനോന്‍റെ മരുമകനാണ് വൈശാലി എന്ന എക്കാലത്തെയും ക്ലാസിക്ക് സിനിമ സംവിധാനം ചെയ്ത ഭരതൻ(14 നവംബർ 1947—30 ജൂലൈ1998). അദ്ദേഹം മികച്ച കലാസംവിധായകൻ കൂടിയായിരുന്നു. സംഗീതസംവിധാനരംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടനേകം നല്ല ചിത്രങ്ങൾ കാഴ്ച വച്ച അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ചലച്ചിത്രരംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവർക്ക് ഭരതൻ സിനിമാ അക്കാദമി വർഷം തോറും ഭരതൻ അവാർഡ് നൽകിവരുന്നു

സംസ്ഥാനബഹുമതികൾ നേടിയിട്ടുള്ള അമ്മവേഷക്കാരിയായിരുന്ന ഫിലോമിന(1926-2006) നാടകനടി കൂടിയായിരുന്നു. മലയാളസിനിമയിൽ നൃത്തസംവിധാനരംഗത്ത് തന്‍റെതായ മുദ്ര പതിപ്പിച്ച ഇ. മാധവൻ സീത എന്ന സിനിമയ്ക്കു വേണ്ടിയാണ് ആദ്യമായി നൃത്തസംവിധാനം ചെയ്തത്. നാടകനടനായിരുന്ന അബൂബക്കർ സിനിമയിലും തിളങ്ങി.

കേരളകലാമണ്ഡലം സ്ഥാപിക്കുന്നതിൽ വള്ളത്തോളിന് സർവാത്മനാ പിന്തുണ നൽകിയ മണക്കുളം മുകുന്ദരാജാ അമ്പലപുരം കൊട്ടാരം കലാമണ്ഡലത്തിനു സന്തോഷപൂർവ്വം വിട്ടുകൊടുത്തു. കേരളകലാമണ്ഡലത്തിന്‍റെ സാമീപ്യവും ഗായകനായിരുന്ന പിതാവിൽ നിന്ന് ലഭിച്ച പാരമ്പര്യവും മാതാപിതാക്കളുടെ താത്പര്യവും കുടുംബസുഹൃത്തിന്‍റെ സഹായവും ഹൈദരലി(1946—2006)യെ കലാമണ്ഡലം ഹൈദരലിയാക്കി. കഥകളിസംഗീതത്തിലെ സൈഗാളാക്കി. കഥകളിരംഗം തട്ടകമാക്കിയ ആദ്യമുസ്ലീമായ അദ്ദേഹത്തിന്‍റെ ജീവിതം ഓർത്താൽ വിസ്മയം തന്നെ. തിച്ചൂർ കാവുങ്ങൽ ശങ്കരപ്പണിക്കർ, ശങ്കരൻകുട്ടിപ്പണിക്കർ,ചാത്തുണ്ണിപ്പണിക്കർ എന്നിവർ പ്രഗത്ഭരായ കഥകളിവേഷക്കാരായിരുന്നു. കാവുങ്ങൽ ചാത്തുണ്ണിപ്പണിക്കർ നൃത്തത്തിലും നിപുണനായിരുന്നു.

ഏറ്റവും മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാനബഹുമതി നേടിയ നാടകനടൻ സംഗമം രാഘവൻനായർ ആകാശവാണി ആർട്ടിസ്റ്റ് കൂടിയായിരുന്നു. ഏറ്റവും മികച്ച നാടകകൃത്തിനുള്ള സംസ്ഥാനപുരസ്കാരം നേടിയ മാനി മുഹമ്മദ് നിരവധി സിനിമകൾക്ക് കഥയും തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്.

അഭിഭാഷകനായിരുന്ന കൊടയ്ക്കാടത്തു ബാലകൃഷ്ണമേനോൻ(15മാർച്ച് 1899-16മേയ്-1988) പാറമ്പി ലോനപ്പൻ മന്ത്രിസഭയിൽ തൊഴിൽവകപ്പു മന്ത്രിയും ടി കെ നായർ മന്ത്രിസഭയിൽ ഭക്ഷ്യവിദ്യാഭ്യാസകാര്യമന്ത്രിയുമായിരുന്നു. ബാലകൃഷ്ണമേനോന്‍റെ മകൻ ഗവണ്‍മെന്‍റ് പ്ലീഡറായിരുന്ന പുഴങ്കര ബാലനാരായണൻ(1933-1992) അർദ്ധനഗ്നർ(നോവൽ) ,മഹാത്മാവിന്‍റെ( അന്ത്യപ്രലോഭനം, ജെ പിയും സമ്പൂർണ്ണവിപ്ലവവും തുടങ്ങിയ കൃതികളുടെ രചയിതാവാണ്. വർഷം തോറും മികച്ച പത്രപ്രവർത്തകന് അഡ്വ. പുഴങ്കര ബാലനാരായണൻ സ്മാരകപുരസ്കാരം നൽകിവരുന്നു.

താമ്രപത്രത്തിനർഹനായ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ആർ എം മനയ്ക്കലാത്ത് എന്ന രാമൻകുട്ടിമേനോൻ (10 ജനുവരി 1920 –12 ഏപ്രിൽ 1997) പത്രപവർത്തകൻ, സാംസ്കാരികപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനും അതുല്യവാഗ്മിയുമായിരുന്നു. അദ്ദേഹത്തിന് രാമാശ്രമം , സ്വദേശാഭിമാനി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പത്രപ്രവർത്തകനും മനുഷ്യാവകാശപ്രവർത്തകനുമായിരുന്നു മുകുന്ദൻ സി മേനോൻ(1948 നവംബർ 21-2005ഡിസംബർ 12) എന്നറിയപ്പെട്ടിരുന്ന ചെമ്പകശ്ശേരി മുകുന്ദൻ മേനോൻ. മനുഷ്യാവകാശപ്രവർത്തനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്ക് ദേശീയ മനുഷ്യാവകാശ ഏകോപനസമിതി വർഷം തോറും മുകുന്ദൻ സി മേനോൻ അവാർഡ് നൽകിവരുന്നു.

കേരളത്തിലെ മുന്‍ ഡിജിപി എ.വി. വെങ്കടാചലം ഐ പി എസ് കേന്ദ്ര ഇന്‍റെലിജെന്‍സ് ബ്യൂറോയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1974ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടി. 1991ലാണ് കേരളാ ഡിജിപിയായത്. പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും എം ഡിയും ചെയർമാനുമായിരുന്നു. ഹൈക്കോടതി ജസ്റ്റിസ് ആയ രണ്ടാമത്തെ വനിതയാണ് പി ജാനകിയമ്മ. തിരുവിതാംകൂർ കൊച്ചി സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ നഗരസഭാദ്ധ്യക്ഷയായിരുന്നു. പീപ്പിൾസ് കൌൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന സംഘടനയുടെ പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തൃശ്ശൂർ പൂരത്തിനും മറ്റനേകം ആഘോഷങ്ങൾക്കും വെടിക്കെട്ടിന്‍റെ സ്വരവർണ്ണപ്പൊലിമയേകിയ കുണ്ടന്നൂർ സുന്ദരന്‍റെ ജിവിതം എരിഞ്ഞടങ്ങിയതും വെടിക്കെട്ടിൽ തന്നെയായിരുന്നു. സ്മരിക്കപ്പെടേണ്ട ഒരു നവോത്ഥാനനായികയാണെന്ന് വി ടി ഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ട കുറിയേടത്തുതാത്രിയുടെ മാതൃഗൃഹം ആറങ്ങോട്ടുകരയാണ്

ഇന്ദിരാഗാന്ധിയുടെ സീനിയർ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എൻ കെ ശേഷൻ, രാജ്യസഭാംഗം, സി പി ഐ. ദേശീയ എക്സിക്യൂട്ടീവ്അംഗം എന്നീ നിലകളിൽ വിഖ്യാതനായ എൻ കെ കൃഷ്ണൻ, അങ്ങനെ ഇനിയും എത്രയെത്ര പേർ………………………………….

വൈഭവസാന്നിദ്ധ്യം

ഗുരുവായൂർ ദേവസ്വം വേദപാഠശാലയിലെ അദ്ധ്യാപകനായ തൃക്കണാപതിയാരം നാരായണമംഗലം അഗ്നിശർമ്മൻ (കുഞ്ചു)നമ്പൂതിരി വടക്കാഞ്ചേരി ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ ഹിന്ദി അദ്ധ്യാപകനായാണ് വിരമിച്ചത്. ഋഗ്വേദത്തിൽ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം പാലക്കാട്,തൃശ്ശൂർ, തിരുനാവായ,ചെന്നെ, ഉഡുപ്പി,ജയ്പ്പൂർ, ഗുജറാത്ത് വേദസമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഋഗ്വേദപണ്ഡിതൻമാർക്കായി തൃശ്ശൂർ ബ്രഹ്മസ്വം മഠം ഏർപ്പെടുത്തിയ ഒളപ്പമണ്ണ സ്മാരകഅവാർഡിനർഹനായിട്ടുണ്ട്. തിരുവനന്തപുരത്തെ സോമയാഗത്തിലും കുണ്ടൂർ അതിരാത്രത്തിലും ഋത്വിക്ക് ആയിരുന്നു. കടവല്ലൂർ അന്യോന്യത്തിൽ പങ്കെടുത്ത് കടന്നിരിക്കൽ എന്ന പദവി നേടിയിട്ടുണ്ട്. യുനെസ്കോയുടെ ഗുരുദക്ഷിണക്കും അദ്ദേഹം അർഹനായിട്ടുണ്ട് പാർളിക്കാട് നാരായണാശ്രമതപോവനം മഠാധിപതി സ്വാമി ഭൂമാനന്ദതീർത്ഥ മഹാരാജ് ജ്ഞാനയജ്ഞം, ശ്രീമദ്ഭാഗവതതത്ത്വസമീക്ഷാസത്രം, ഗീതാതത്ത്വസമീക്ഷ തുടങ്ങിയവയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്നു. ക്ഷേത്രങ്ങളിലെ അനാചാരങ്ങൾക്കെതിരെ പൊരുതുന്നതിലും അദ്ദേഹം മുമ്പൻ തന്നെ. സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് ഏര്‍പ്പെടുത്തിയ 2012ലെ മഹിളാതിലകം അവാര്‍ഡ വി-സ്റ്റാർ ക്രിയേഷന്‍സ് മാനേജിങ് ഡയറക്ടർ ഷീലാകൊച്ചൗസേപ്പിനായിരുന്നു. വാവു & സൺസിലെ വാവുവിന്‍റെ മകൾ ഷീലയെ വി-സ്റ്റാർ ക്രിയേഷന്സിന്‍റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തെത്താൻ സഹായിച്ചത് ആ പൈതൃകവും സ്വന്തം പരിശ്രമവും ഭർത്താവിന്‍റെ പ്രോത്സാഹനവും തന്നെ. വടക്കാഞ്ചേരി വിദ്യാഭ്യാസജില്ലയിലെ ഏറ്റവും നല്ല അദ്ധ്യാപികയ്ക്കുള്ള റോട്ടറി ക്ലബ്ബിന്‍റെ അവാർഡും തലപ്പിള്ളി താലൂക്കിലെ ഏറ്റവും നല്ല എന്യൂമറേറ്റർക്കുള്ള കേന്ദ്രഗവണ്‍മെന്‍റെ വെള്ളിമെഡലും നേടിയ ഗായത്രി കുങ്കുമത്ത് വടക്കാഞ്ചേരി സുഹൃദ്സംഘത്തിന്‍റെ സജീവപ്രവർത്തകയാണ്.

രണ്ടുതവണ കേരളസാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ച പ്രശസ്ത ബാലസാഹിത്യകാരിയാണ് സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട്. ചെറുകഥകൾക്കും നോവലുകൾക്കും വിവർത്തനങ്ങൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ചിട്ടുള്ള പുതൂർ ഉണ്ണികൃഷ്ണന്‍റെ രചനകളിൽ വടക്കാഞ്ചേരി പലപ്പോഴും കടന്നുവന്നിട്ടുണ്ട്. “കുറിയേടത്ത് താത്രി” എന്ന നോവൽ രചിച്ച നന്ദൻ പുന്നത്തൂർ കോവിലകത്തെ അംഗമാണ്.“Kerala Festival Message” എന്ന പുസ്തകം രചിച്ച സി എ മേനോൻ അറിയപ്പെടുന്ന ഒരു ആനപ്രേമിയും മുകുന്ദൻ സി മേനോന്‍റെ സഹോദരനുമാണ്.എഴുത്തച്ഛൻ പുരസ്കാരം,കേരളസാഹിത്യ അക്കാ ദമി പുരസ്കാരം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ച കവിയും വിവർത്തകനുമാണ് ആറ്റൂർ രവിവർമ്മ. നല്ല ചെറുകഥകളെഴുതാറുള്ള പാങ്ങിൽ ഭാസ്കരൻ താലൂക്കാപ്പീസിൽ റെക്കോഡ് സൂക്ഷിപ്പുകാരനായിരുന്നു. ഏതാനും നോവലുകളും രചിച്ചിട്ടുള്ള ഇദ്ദേഹത്തിന് അബുദാബി ശക്തി അവാർഡ് ലഭിച്ചിട്ടുണ്ട്.

ആനചികിത്സയിൽ അഗ്രഗണ്യനായ അവണപ്പറമ്പുമനയ്ക്കൽ മഹേശ്വരൻ നമ്പൂതിരിപ്പാട് ഗുരുവായൂർ ആനക്കോട്ടയിലെ മുഖ്യ ആനചികിത്സകനാണ്.. കൊട്ടിയൂർ ദേവസ്വം,പാറമേക്കാവ് ദേവസ്വം, കുട്ടൻകുളങ്ങര ദേവസ്വം എന്നിവിടങ്ങളിലെ ആനചികിത്സയുടെ നേതൃത്വവും അദ്ദേഹത്തിനു തന്നെ. ഗജസംഗമത്തിന്‍റെ നടത്തിപ്പുകാരിൽ പ്രധാനിയായ ഇദ്ദേഹത്തിന് വിഷചികിത്സയിലും പ്രാവീണ്യമുണ്ട്.ഇദ്ദേഹത്തിന്റെ സഹോദരൻ നാരായണൻ നമ്പൂതിരിപ്പാട് കഴിവുറ്റ ജ്യോതിഷികനാണ്. ഇവരുടെ മുത്തശ്ശനാണ് അഭിനവപാലകാപ്യൻ എന്നറിയപ്പെട്ടിരുന്ന അവണപ്പറമ്പ് നാരായണൻ നമ്പൂതിരിപ്പാട്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ സഹകരണമന്ത്രിയാണ് വടക്കാഞ്ചേരി എം എൽ എയും മുതിർന്ന കോൺഗ്രസ്(ഐ) നേതാവുമായ സി എൻ ബാലകൃഷ്ണൻ. രാജ്യസഭാംഗവും, സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും പാർട്ടി ദാർശനിക മുഖവാരികയായ ചിന്തയുടെ പത്രാധിപരുമാണ് സി പി നാരായണൻ. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെി സജീവ പ്രവർത്തകൻ കൂടിയായ ഇദ്ദേഹം 2012 ജൂണിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വെട്ടത്തു പുത്തൻവീട്ടിൽ രാമചന്ദ്രൻ എന്ന വി പി രാമചന്ദ്രൻ സ്വന്തം കഴിവും പരിശ്രമവും കൊണ്ട് പിടിഐ ഡെപ്യൂട്ടി ജനറൽ മാനേജർ, മാതൃഭൂമി പത്രാധിപർ, കേരളാപ്രസ് അക്കാദമി ചെയർമാൻ എന്നീ പദവികളിലേയ്ക്കുയർന്ന വ്യക്തിയാണ്. നോവലിസ്റ്റ് വിലാസിനിയുടെ മരുമകൻ എം രാമചന്ദ്രൻ ഹൈക്കോടതി ജഡ്ജിയായിരുന്നു.മരുമകൾ രമ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളുമായിരുന്നു. വിലാസിനിയുടെ മറ്റൊരു മരുമകൾ രാധാമണിയമ്മ പദ്മവിഭൂഷണ്‍ ഡോ. ജി.മാധവന്‍നായരുടെ പത്നിയാണ്. കരസേനയിൽ ബ്രിഗേഡിയർ ആയിരുന്ന ഡോക്ടർ മൂർക്കനാട്ട് രവീന്ദ്രൻ ഇന്നും ആതുരസേവനം തുടരുന്നു. വ്യാപാരിയായിരുന്ന ടി പി ദാമോദരൻനായരുടെ മകൻ ഡോക്ടർ മോഹൻദാസ്(ന്യൂറോസർജൻ) “NSW Australia’’യുടെ ഡിറക്ടറും സീനിയർ ലക്ചററുമാണ്. ഫെഡറൽ ബാങ്കിന്‍റെ ചെയർമാനായിരുന്ന എം പി കെ നായർ ആയുർയോഗാശ്രമത്തിന്‍റെ തലവനും ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസിന്‍റെ ഡയറക്ടർമാരിലൊരാളുമാണ്. കേരള വ്യാപാരി വ്യവസായ ഏകോപനസമിതി തൃശ്ശൂർ മുൻ ജില്ലാപ്രസിഡണ്ട് തുമ്പേപ്പറമ്പിൽ ടി എം മാത്യുവിന്‍റെ മകൻ തോമസ് മാത്യുവാണ് എൽ ഐ സിയുടെ ഇപ്പോഴത്തെ ഇടക്കാലചെയർമാൻ .

നാടക സിനിമാ സീരിയൽ രംഗങ്ങളിലെ അതിപ്രഗത്ഭയായ നടിയാണ് കെ പി എ സി ലളിത. രണ്ടുതവണ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സംവിധായകൻ ഭരതന്‍റെ പത്നി. കേരളത്തിലെ പ്രമുഖയായ നാടക- സിനിമാ ഗായികയാണ് മച്ചാട്ടു വാസന്തി. വെങ്കലത്തിൽ പുതുമുഖമായി അരങ്ങേറിയ പ്രിയങ്ക ഒട്ടേറെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ച് പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. പുന്നത്തൂർ നന്ദകുമാർ രാജായുടെ പത്നി രമാദേവി സിനിമയിലും സീരിയലിലും അഭിനയിക്കുന്നു. നടൻ അബൂബക്കറിന്‍റെ മകനും നല്ല ഒരു മിമിക്രി കലാകാരനുമായ നവാസ് ബക്കർ (കലാഭവന്‍ നവാസ്) സിനിമാനടനും കൂടിയാണ്. പത്നി രഹ്നയും അഭിനേത്രി തന്നെ. തെലുങ്ക് സിനിമയിൽ കലാസംവിധാനരംഗത്ത് ആന്ധ്രാസംസ്ഥാനസർക്കാർ നല്കുന്ന പരമോന്നതബഹുമതിയായ നന്ദി അവാർഡ് ലഭിച്ച കലാസംവിധായകനാണ് ഭരതന്‍റെ മരുമകൻ അശോക് കുമാര്‍. .. തൃശ്ശൂർ പൂരത്തിലെ മുൻനിരക്കാരനായ മച്ചാട് രാമകൃഷ്ണൻ നായർ കൊമ്പ് വാദനകലയിൽ സ്വന്തം നാദം കേൾപ്പിച്ച കലാകാരനാണ്. അദ്ദേഹത്തിന് ആലിപ്പറമ്പ് ശിവരാമപ്പൊതുവാൾ സ്മാരക വാദ്യപ്രവീണ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഗുരുസ്മൃതി പുരസ്കാരം ലഭിച്ച മച്ചാട് ഉണ്ണിനായർ തൃശ്ശൂർ പൂരത്തിൽ തിരുവമ്പാടിവിഭാഗത്തിന്റെ കൊമ്പ് പ്രമാണിയാണ്. അൻപതുകൾ മുതൽ ഗ്രന്ഥശാലാപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കെ പി എൻ നമ്പീശൻ സംഘത്തിന്‍റെ തൃശ്ശൂർ ജില്ലാപ്രസിഡണ്ടായിരുന്നു. സംസ്ഥാന ലൈബ്രറി കൌൺസിലിന്റെ മികച്ച ഗ്രന്ഥശാലാപ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

പച്ചയിലും കത്തിയിലും പ്രശസ്തി നേടിയ കഥകളി കലാകാരനാണ് കലാമണ്ഡലം കൃഷ്ണകുമാർ. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം കേരളകലാമണ്ഡലത്തിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയിൽ നിന്ന് എക്സിക്യൂട്ടീവ് ഡിറക്ടർ ആയി വിരമിച്ച പി ആർ കൃഷ്ണമൂർത്തി, “Export Credit Guarantee Corporation of India” യുടെ ജനറൽ മാനേജരായിരുന്ന വടക്കേടത്തു രാമചന്ദ്രൻ, മുംബൈയിൽ വ്യവസായിയായ വടക്കേടത്തു വിജയൻ ……………………………………. പേരുകളവസാനിക്കുന്നില്ല……………………………………………

വൈഭവപ്പൊടിപ്പ്

നങ്ങ്യാർകൂത്ത് രംഗത്തെ ആദ്യത്തെ മുസ്ലീം കലാകാരിയും , വൈദ്യവിദ്യാർത്ഥിനിയുമായ ജഹനാരാറഹ്മാൻ കൂടിയാട്ടത്തിലും കഥകളിയിലും ഒട്ടും പിറകിലല്ല. കർണ്ണാടക ഗവണ്മെന്‍റെ പ്രായോജകരായി ഡെൽഹി, ഹംപി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ഭരതനാട്യമവതരിപ്പിച്ച, നൃത്തരംഗത്ത് സജീവമായി തുടരുന്ന ലക്ഷ്മീമേനോൻ ഡോ .ഹരിമേനോന്‍റെ (പുഴങ്കര) പുത്രിയാണ്.

സിംഗപ്പൂരിലെ ശ്രീലങ്കൻ ഹൈക്കമ്മീഷനിൽ 2nd Secretary/Head of Chancery ആയി സേവനമനുഷ്ഠിക്കുന്ന നീതാചന്ദ്രസേന വക്കീൽ ശ്രീനിവാസന്‍റെ ദൌഹിത്രിയും സുഹൃദ്സംഘത്തിന്‍റെ സജീവാംഗം വി എസ് വേണുവിന്‍റെ മരുമകളുമാണ്.

രമ്യ എന്ന പേരിൽ ബാലനടിയായി വന്ന് പ്രേക്ഷകശ്രദ്ധ നേടിയ കൃപ നടി രമാദേവിയുടെയും പുന്നത്തൂർ നന്ദകുമാർ രാജായുടെയും മകളും സഹസംവിധായകൻ പ്രദീപ് മുല്ലനേഴിയുടെ പത്നിയുമാണ്. മഴവിൽ മനോരമയിലെ മറിമായം എന്ന പരിപാടിയിലെ അഭിനയമികവുകൊണ്ട് പ്രേക്ഷകശ്രദ്ധയാർജ്ജിച്ച രചന നാരായണൻകുട്ടി സിനിമയിലും കഴിവ് തെളിയിച്ചുകഴിഞ്ഞു. കലാതിലകമായിരുന്ന രചന നർത്തകിയും അദ്ധ്യാപികയുമാണ്. എങ്കക്കാട്പടിഞ്ഞാറെ അക്കരപ്പാടത്ത് ചൊവ്വല്ലൂര്‍ സി.ഡി.ജോര്‍ജ് റെയില്‍വേ മേല്‍പ്പാലത്തിന്റെതടക്കം ഒട്ടേറെ സമരങ്ങള്‍ക്ക് നേതൃത്തം നല്‍കിയ വ്യക്തിയാണ്. ഇദ്ദേഹത്തിന്‍റെ മകള്‍ ജിഷ എലിസബത്ത് ഡോ.അംബേദ്‌കര്‍ മാധ്യമ പുരസ്കാരം ,ലീല മേനോന്‍ വനിതാ മാധ്യമ പുരസ്കാരം , ജി.ഐ.ഒ സ്പെഷല്‍ അച്ചീവ്മെന്റ് അവാര്‍ഡ്‌,ഡല്‍ഹി ആസ്ഥാനമായ നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ 17ാമത് നാഷനല്‍ മീഡിയ ഫെലോഷിപ്പ്, 2013 ല്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി ഏര്പ്പെടുത്തിയ യുവ പ്രതിഭ പുരസ്കാരം, എ .ഐ.വൈ.എഫ് ഏര്പ്പെടുത്തിയ പ്രതിഭ പുരസ്കാരം എന്നിവക്ക് അര്‍ഹയായിട്ടുണ്ട് .

ഭരതൻ ലളിത ദമ്പതികളുടെ പുത്രൻ സിദ്ധാർത്ഥ്ഭരതൻ സിനിമാനടനും സംവിധായകനുമാണ്. മറിമായം പരിപാടിയിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ സിനിമാനടനും സംവിധായകനുമായ നിയാസ് ബക്കർ സിനിമാനടൻ അബൂബക്കറിന്‍റെ മകനാണ്. നോവലിസ്റ്റായ റഷീദ് പാറയ്ക്കൽ തിരക്കഥാരചന, ഗാനരചന എന്നിവയും നിർവ്വഹിക്കുന്നു. നാടകസംവിധാനത്തിന് ദേശീയപുരസ്കാരം ലഭിച്ച ആദ്യത്തെ കേരളീയൻ ഷിബു മച്ചാട്, സമകാലിക സാഹിത്യ അവാർഡ് നേടിയ ഹിമസാഗരം എന്ന നോവൽ രചിച്ച പി രഘുനാഥ്, “ഭരതൻ നിറങ്ങളുടെ ചക്രവർത്തി’’ എന്ന കൃതിയുടെ കർത്താവ് ബിജുദേവസ്സി, കരിമരുന്നുകലാപ്രകടനത്തിൽ കേമനായ കുണ്ടന്നൂർ സുന്ദരാക്ഷൻ……… പൊടിപ്പുകളുമവസാനിക്കുന്നില്ല…………………………. നമ്മൾ വടക്കാഞ്ചേരിക്കാർക്ക് അഭിമാനിക്കാം, ആഹ്ലാദിക്കാം. ( ശീർഷകത്തിന് കടപ്പാട്:- മംഗലത്തു മുരളി )
തയ്യാറാക്കിയത് – ജലജ പുഴങ്കര