അവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട്

ആനവൈദ്യൻ, വിഷചികിത്സകൻ എന്നീ നിലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രീ. മഹേശ്വരൻ നമ്പൂതിരിപ്പാട്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ കുമ്പളങ്ങാട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അവണപറമ്പ് മനയിൽ ശങ്കരൻ നമ്പൂതിരിപ്പാടിന്റെയും പാർവതി അന്തർജനത്തിന്റെയും മകനായി 1930 ലാണ് ഇദ്ദേഹത്തിന്റെ ജനനം. ഉപനയനം മുതൽ സമാവർത്തനം വരെയുള്ള കാലഘട്ടത്തിൽ വിഷവൈദ്യത്തിൽ പാണ്ഡിത്യം നേടിയെടുത്തു. സർക്കാർ വിഷവൈദ്യനും ബന്ധുവുമായ നമ്പ്യാത്ത് നമ്പൂതിരിപ്പാടിൽ നിന്നും സ്വായത്തമാക്കിയ വിഷവൈദ്യത്തിലെ അറിവുകൾ അദ്ദേഹത്തിനെ മികച്ച വിഷവൈദ്യൻ എന്ന നിലയിലേക്ക് വളരാൻ സഹായിച്ചു. ജാതിമതഭേദമന്യേ എല്ലാവർക്കും ചികിത്സ നൽകിയിരുന്ന അദ്ദേഹം പ്രതിഫലേച്ഛ കൂടാതെയായിരുന്നു പ്രവർത്തിച്ചിരുന്നത്.

ചുരുങ്ങിയ കാലയളവിൽ ചികിത്സ ഗ്രന്ഥങ്ങൾ മനപ്പാഠമാക്കിയ അദ്ദേഹം വിഷചികിത്സയുടെ മരുന്നുകളും ലേഹ്യങ്ങളും വീട്ടിൽ തന്നെ ഉണ്ടാക്കാനും തുടങ്ങിയിരുന്നു. മരുന്നുകൾ കൃത്യതയോടെ നിർമിക്കുകയും ശരിയായ ഫലം ഉറപ്പുവരുത്തുകയും എന്നത് ശ്രമകരമായ ജോലിയാണ്. വിഷം തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന ജീവരക്ഷ ഗുളിക, വിഷഹാരി ലേഹ്യം, മൃത്യുഞ്ജയം എന്നിവ ഇവയിൽ ചിലത് മാത്രം. വടക്കാഞ്ചേരി ഗവണ്മെന്റ് സ്കൂളിൽ പഠനം പൂർത്തിയാക്കിയ ഇദ്ദേഹം സാഹിത്യരചനകളിലും കഴിവ് പ്രകടിപ്പിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ അച്ഛൻ ശങ്കരൻ നമ്പൂതിരിപ്പാട് റേഡിയോ തിരുമേനി എന്ന പേരിൽ പ്രസിദ്ധനായിരുന്നു. വിദേശരാജ്യങ്ങളിൽ നിന്നും റേഡിയോയെ കുറിച്ചു കേട്ടറിഞ്ഞ് കൗതുകം തോന്നിയ അദ്ദേഹം സ്വന്തമായി ഒരു റേഡിയോ നിർമ്മിക്കുകയായിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾകൊണ്ട മഹേശ്വരൻ നമ്പൂതിരിപ്പാട് തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ വിൻസെന്റ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ് ഫസ്റ്റ് ക്ലാസ്സോടെ പാസവുകയും പതിമൂന്ന് വർഷത്തോളം വടക്കാഞ്ചേരിയിൽ റേഡിയോ എൻജിനീയർ ആയി ജോലി ചെയ്യുകയും ചെയ്തു. എന്നാൽ പിന്നീട് ഇതിൽ നിന്നെല്ലാം വിട്ട് അദ്ദേഹം തന്റെ പാരമ്പര്യമായ വിഷചികിത്സയിലേക്കും ആന ചികിത്സയിലേക്കും തിരിയുകയായിരുന്നു. പിന്നീട് പാറമേക്കാവ്, തിരുവമ്പാടി, ഗുരുവായൂർ തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലെയും ആനകളെ അദ്ദേഹം ചികിൽസിച്ചു സുഖപ്പെടുത്തിയിട്ടുണ്ട്. ആന ചികത്സാ മേഖലയിലും വിഷ ചികിത്സയിലും പ്രശസ്തി നേടിയ അദ്ദേഹത്തെ തേടി നിരവധി പുരസ്‌കാരങ്ങളാണ് വന്നു ചേർന്നത്. തൻെറ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലും ചികിത്സാ രംഗത്ത് സജീവമായിരുന്ന അദ്ദേഹം 2020 സെപ്റ്റംബർ 17 നു ഇഹലോകവാസം വെടിഞ്ഞു.