ദൈവദാസി സി. മരിയ സെലിന്‍ കണ്ണനായ്ക്കല്‍

Servant of God Sr. Celine Kannanaikal

കത്തോലിക്ക സഭയെ പ്രത്യേകിച്ച് കുണ്ടന്നൂര്‍ ഇടവകയെ ആഹ്ലാദ ഭരിതമാക്കിക്കൊണ്ട് കുണ്ടന്നൂര്‍ ഇടവകകാരിയും ഉര്‍സുലൈന്‍ സന്ന്യാസ സഭാംഗവുമായ സി. മരിയ സെലിന്‍ കണ്ണനായ്ക്കല്‍ 2007 ജൂലൈ 29 ന് ദൈവദാസി പദവിയിലേക്ക് ഉയര്‍ത്തപെട്ടു.

വിശുദ്ധയായി നാമകരണം ചെയ്യാപ്പെടാനുള്ളതിന്‍റെ ആദ്യപടിയാണ് ദൈവദാസി പ്രഖ്യാപനം. വ്രതവാഗ്ദാനത്തിനു ശേഷം 35 ദിവസം മാത്രം ജീവിക്കുകയും സന്ന്യാസിനി സമൂഹത്തില്‍ വെറും മൂന്നു വര്‍ഷം മാത്രം അംഗമായിരിക്കുകയും ചെയ്ത സി.സെലിന്‍റെ ദൈവദാസി പ്രഖ്യാപനം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിക്കുകയുണ്ടായി.

celinekannanaikkal
തൃശ്ശൂര്‍ രൂപതയിലെ കുണ്ടന്നൂര്‍ ഇടവകയില്‍ കണ്ണനായ്ക്കല്‍ പോറിഞ്ചുവിന്‍റെയും (ഫ്രാന്‍സിസ്) പ്ലേമേനയുടെയും (ഫിലോമിന) രണ്ടാമത്തെ സാന്താനമായി 1931 ഫെബ്രുവരി 13 ന് സി.സെലിന്‍ ജനിച്ചു. ഇളയ മൂന്നു സഹോദരന്‍മാരും അനിയത്തിയും അനേകം ബന്ധുമിത്രാദികളും ഇന്നും ജീവിച്ചിരിക്കുന്നു. കുണ്ടന്നൂര്‍, കോട്ടപ്പടി ,എരുമപ്പെട്ടി എന്നിവിടങ്ങളില്‍ ആയിരുന്നു സെലീനയുടെ സ്കൂള്‍ വിദ്യഭ്യാസം. സമയം കിട്ടുമ്പോള്‍ ഭക്തിഗാനങ്ങള്‍ ഏഴുതാനും പാടാനും സെലീന ഉത്സുകയായിരുന്നു. കുണ്ടന്നൂര്‍ പള്ളി ഗായകസംഘത്തിലും ഭക്തസംഘടനകളിലും അവള്‍ അംഗമായിരുന്നു. ആനപ്പാറ ട്രെയിനിംഗ് സ്കൂളില്‍ നിന്നും ടി.ടി.സി. പാസ്സായി സെലീന വീട്ടിലെത്തി. ആമ്പക്കാട് സ്കൂളില്‍ (ഇപ്പോഴത്തെ സെന്‍റെ മേരീസ് എച്ച്.എഫ്.സി. യു.പി. സ്കൂള്‍ ) കുറച്ചു കാലം ജോലി ചെയ്തു. അതിനു ശേഷം കോഴിക്കോട് ജില്ലയില്‍ റവ. ഫാ. വര്‍ഗീസ്‌ തയ്യില്‍ മാനേജര്‍ ആയിരുന്ന കൂരാചുണ്ട് സെന്‍റെ തോമാസ് സ്കൂളില്‍ 1951 ല്‍ നിയമനം ലഭിച്ചു.

celineക്രൂശിതനായ യേശുവിനോട് പ്രത്യേക ഭക്തിയുള്ള സെലീന ഒരു കോണ്‍വെന്‍റില്‍ ചേരാനുള്ള ആഗ്രഹം തയ്യിലച്ചനോട് പറഞ്ഞു. ഫാ. വര്‍ഗീസ്‌ തയ്യിലിന്‍റെ സഹോദരി സി.ആഗ്നസ് കണ്ണൂര്‍ ഉര്‍സുലൈന്‍ സഭാംഗമായിരുന്നു വാഴ്ത്തപ്പെട്ട ബ്രജീത്ത മൊറല്ലോ സ്ഥാപിച്ച ഈ ഇറ്റാലിയന്‍ സന്ന്യാസിനി സഭ 1934 ല്‍ ആണ് ഇന്ത്യയില്‍ മിഷനറി പ്രവര്‍ത്തനത്തിന് എത്തിയത്. 1954 ജൂണ്‍ 24 ന് ജോലി രാജി വച്ച് സെലിന്‍ ഉര്‍സുലൈന്‍ സഭയില്‍ ചേര്‍ന്നു.സഭാധികാരികളുടെ നിര്‍ദേശം അനുസരിച്ച് ക്രിസ്തുമസ് അവധികാലത്ത് നോവിഷെറ്റില്‍ പ്രവേശിക്കുന്നത് വരെ പുഞ്ചക്കാട് സെന്‍റെ മേരീസ് യു.പി.സ്കൂളില്‍ പഠിപ്പിച്ചു.1955 ല്‍ കണ്ണൂര്‍ സെന്‍റെ പീറ്റേഴ്സ് എല്‍.പി.സ്കൂളില്‍ അദ്ധ്യാപികയായി സേവനം തുടര്‍ന്നു.

സി.സെലീനെ സംബന്ധിച്ചിടത്തോളം ജീവിക്കുക എന്നാല്‍ യേശുവിനെ അളവില്ലാതെ സ്നേഹിച്ചു അവിടുത്തേക്ക് വേണ്ടി സഹിക്കുക എന്നതായിരുന്നു. യേശുനാഥന്‍റെ പീഡാനുഭവങ്ങളോടുള്ള തീവ്രമായ ഭക്തി എന്തും സഹിക്കാനുള്ള കരുത്ത് അവള്‍ക്കേകി. നിസ്വാര്‍ഥമായ പരസ്നേഹവും എളിമയും അനന്യസാധാരണമായ അനുസരണശീലവും ത്യാഗമനോഭാവവും സി.സെലീനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ത ആക്കിയിരുന്നു. യേശുവിനു വേണ്ടി ആത്മാക്കളെ നേടുന്നതില്‍ മാത്രമായിരുന്നു അവള്‍ തന്‍റെ സര്‍വ ശ്രദ്ധയും പാതിപ്പിച്ചിരുന്നത്. അവിടുത്തെ സന്തോഷിപ്പിക്കാനായി എന്ത് ചെയ്യാനും എന്ത് ത്യാഗം സഹിക്കാനും അവള്‍ സദാ സന്നദ്ധയായിരുന്നു. തന്‍റെ ജീവിതം ഒരു നിരന്തര ബലിയായി അവിടുത്തെ പാദാരവിന്ദങ്ങളില്‍ അവള്‍ സമര്‍പ്പിച്ചു. ദൈവതിരുച്ചിത്തം എന്തെന്ന് അറിഞ്ഞു സസന്തോഷം അവള്‍ അതിനു വഴങ്ങി. മേലാധികാരികലോടുള്ള അനുസരണവും വിധേയത്തവും അവരെ അക്ഷരം പ്രതി അനുസരിച്ച് കൊണ്ട് അവള്‍ വെളിപ്പെടുത്തി. മരണത്തോളം കീഴ്വഴങ്ങിയ യേശുനാടന്‍റെ സ്നേഹഭാജനമായിരുന്നു സെലീന. 1957 ജൂണ്‍ 20 നു ആയിരുന്നു വ്രത വാഗ്ദാനം. അന്ന് യേശുനാഥന്‍ പ്രത്യക്ഷനായി ഈ സുദിനത്തില്‍ അവളുടെ ആരോഗ്യത്തെ തനിക്കുള്ള സമ്മാനമായി വേണമെന്നും അവളെ സ്വര്‍ഗത്തിലേക്ക് കൂട്ടികൊണ്ട് പോകാന്‍ താന്‍ താമസിയാതെ വരുമെന്നും സി.സെലീനയോട് പറഞ്ഞിരുന്നു. വെറും 35 ദിവസങ്ങള്‍ മാത്രമേ തന്‍റെ ദിവ്യനാഥനു വേണ്ടി സി.സെലീനു കാത്തിരിക്കേണ്ടി വന്നുള്ളൂ,.

 

മാനസിക വ്യഥകളുടെയും ശാരീരിക വേദനകളുടെയും പാരാവാരത്തിലൂടെ എല്ലാം ദൈവത്തിരുച്ചിതം എന്ന ബോധ്യത്തില്‍ വിശ്വാസ നൌക തുഴഞ്ഞ്, വിശുദ്ധിയുടെ തീരത്തണഞ്ഞ സിസ്റ്റര്‍ മരിയ സെലിന്‍ കണ്ണനായക്കല്‍ എന്നാ പുണ്യചരിതയുടെ മാദ്ധ്യസ്ഥ ശക്തി നമ്മുടെ ജീവിതത്തിലും അനുഭവവേദിമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
കടപ്പാട് -ലെനിന്‍ പാണേങ്ങാടന്‍

Sr. Celine Kannanaikal