വടക്കാഞ്ചേരി ടൗണിലെ ലിങ്ക് റോഡ് നാടിന് സമർപ്പിച്ചു
വടക്കാഞ്ചേരി : എംഎൽഎ ഫണ്ട് അനുവദിച്ച് പൂർത്തീകരിച്ച വടക്കാഞ്ചേരി ടൗണിലെ ലിങ്ക് റോഡ് വെള്ളിയാഴ്ച്ച എം എൽ എ സേവിയർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു നാടിനു സമർപ്പിച്ചു. വടക്കാഞ്ചേരി ടൗണിൽ വർധിച്ചു വരുന്ന ഗതാഗത തിരക്കിന് ആശ്വാസമെന്നോണം ഉണ്ടാക്കിയെടുത്ത പാത, വലിയ വാഹനങ്ങളടക്കം പോകാൻ കഴിയുന്ന വീതിയിൽ ഇൻ്റർലോക്ക് കട്ടവിരിച്ചാണ് നിർമ്മിച്ചതു. റെയിൽവേ മേൽപ്പാലം വന്നതോടെ വാഹന സഞ്ചാരം കുറഞ്ഞ പഴയ ഹൈവേ റോഡിനെയും മസ്ജിദ് റോഡിനെയും മേൽപ്പാലത്തിലേക്കുള്ള പുതിയ ഹൈവേ റോഡിനേയും ബന്ധിപ്പിക്കുന്നതാണ് ലിങ്ക് റോഡ്. എംഎൽഎ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അഞ്ചു ലക്ഷത്തി എഴുപതിനായിരം രൂപ ചിലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. വടക്കാഞ്ചേരി നഗരസഭയുടെയും എൽ എസ് ജി ഡി എഞ്ചിനീയറിങ് വിങിൻ്റെയും നേതൃത്വത്തിൽ സമയബന്ധിതമായാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ബസ്സുകളും മറ്റ് വലിയ വാഹനങ്ങളും പോകാൻ കഴിയുന്ന രീതിയിൽ വീതി കൂട്ടിയാണ് റോഡ് നിർമ്മാണം നടത്തിയിരിക്കുന്നത്. വടക്കാഞ്ചേരി ബസ് സ്റ്റാൻഡിന് പിൻവശത്ത് പഴയ ഹൈവേയിലൂടെ സഞ്ചരിച്ച് പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിന് സമീപത്ത് ഹൈവേയിലേക്ക് കയറി പോകാൻ കഴിയുന്ന ലിങ്ക് റോഡാണ് പുനരുദ്ധരിച്ച് നാടിന് സമർപ്പിച്ചത്. വാഹനങ്ങൾ ഇതിലൂടെ പോകുന്നതോടെ ബസ് സ്റ്റാൻഡ് പരിസരത്തും ഹൈവേയിലും അനുഭവപ്പെടുന്ന തിരക്കിന് പരിഹാരവും പഴയ ഹൈവേ റോഡിൽ പ്രവർത്തിക്കുന്ന കച്ചവടക്കാർക്ക് ആശ്വാസവുമാണ്.