അകമല റോഡിലെ കട പൊളിച്ചതിൽ പ്രതിഷേധിച്ചു എം.എൽ.എ യുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു

വടക്കാഞ്ചേരി : അകമലയിൽ സംസ്ഥാന പാതയോരത്തെ ഇളനീർ പന്തൽ പി.ഡബ്ള്യൂ. ഡി. അധികൃതർ പൊളിച്ചതിനെ തുടർന്നുണ്ടായ സംഘർഷം റോഡ് ഉപരോധം വരെയെത്തി. അകമല മുതൽ വാഴക്കോട് വരെയുള്ള റോഡിൽ നിരവധി ഇളനീർ പന്തലുകൾ ഉണ്ടെങ്കിലും കോൺഗ്രസ് അനുഭാവിയുടെ പന്തൽ മാത്രം പൊളിച്ചു മാറ്റിയതിൽ പ്രതിഷേധിച്ചാണ് എം.എൽ.എ. അനിൽ അക്കരെയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചത്. പോലീസ് സഹായത്തോടെ പി.ഡബ്ള്യൂ. ഡി.ഉദ്യോഗസ്ഥർ പന്തൽ പൊളിച്ചതോടെ സംഘർഷം ആരംഭിച്ചു. തുടർന്ന് സ്ഥലത്തെത്തിയ എം.എൽ.എ. ഒന്നുകിൽ പന്തൽ പുനഃസ്ഥാപിക്കണമെന്നും അല്ലെങ്കിൽ മറ്റു പന്തലുകളും കൂട്ടത്തിൽ പൊളിക്കണമെന്നും ആവശ്യപ്പെട്ടു. സാധിക്കില്ലെന്ന് അറിയിച്ചപ്പോൾ റോഡ് ഉപരോധിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. തുടർന്ന് കുന്നംകുളം ഡി.വൈ.എസ് പി. പി.വിശ്വംഭരൻ, വടക്കാഞ്ചേരി സി.ഐ. പി.സി.സുരേഷ് ,എസ്.ഐ.കെ.സി.രതീഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. ഒരു ഘട്ടത്തിൽ മറ്റു പന്തലുകൾ കൂടി പൊളിച്ചു മാറ്റം എന്ന് തീരുമാനിച്ചു, എന്നാൽ സി.പി.ഐ.എം.പ്രവർത്തകർ പ്രശ്നമുണ്ടാക്കുകയും എം. എൽ.എ. യ്ക്കും മറ്റ് കോൺഗ്രസ് പ്രവർത്തകർക്കും നേരെയും കല്ലേറ് ഉണ്ടാവുകയും ചെയ്തു. തുടർന്ന് പോലീസ് നേതൃത്വത്തിൽ ഇവരെ നീക്കുകയും ,പിന്നീടു നടന്ന ചർച്ചയിൽ മറ്റു പന്തലുകൾ കൂടി പൊളിക്കാം എന്ന് തീരുമാനിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഒൻപതു മണിയോട് കൂടിയാണ് എം.എൽ.എ യും സംഘവും തിരിച്ചു പോയത്.